Connect with us

Wayanad

നീലഗിരിയില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തു

Published

|

Last Updated

ഗൂഡല്ലൂര്‍: പക്ഷിപ്പനി അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും വ്യാപിക്കുന്നതായി സംശയം. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ അമ്പതിലധികം വളര്‍ത്തുകോഴികള്‍ ചത്തു. നിരവധി കോഴികള്‍ അസുഖം പിടിപെട്ട് മരണാസന്ന നിലയിലാണ്. പന്തല്ലൂര്‍ താലൂക്കില്‍പെട്ട നെലാക്കോട്ട പഞ്ചായത്തിലെ പാക്കണ, ഓര്‍ക്കടവ്, കുന്നലാടി, പുത്തൂര്‍വയല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കോഴികള്‍ കൂട്ടത്തോടെ ചത്തത്.
കഴിഞ്ഞദിവസം മുതലാണ് ഇവിടെ കോഴികള്‍ അസുഖങ്ങള്‍ കണ്ടുതുടങ്ങിയത്. ഓര്‍ക്കടവിലെ ഹംസയുടെ വീട്ടില്‍ വളര്‍ത്തുന്ന 20കോഴികളാണ് കഴിഞ്ഞദിവസം മാത്രം ചത്തത്. പാക്കണ സ്വദേശികളായ കെ. പി. കുഞ്ഞാപ്പയുടെ വീട്ടില്‍ വിരിയാന്‍വെച്ച തള്ളക്കോഴി ചത്തു. കോഴി ചത്തതിനെത്തുടര്‍ന്ന് അവശേഷിച്ച മുട്ടകള്‍ വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന സംഘം പരിശോധനക്കായി കൊണ്ടുപോയി. പ്രദേശത്ത് നിരവധി കോഴികള്‍ അസുഖബാധയേറ്റനിലയിലാണ്. നീലഗിരി ജില്ലാ കലക്ടര്‍ പി.ശങ്കര്‍, ആര്‍.ഡി.ഒ വിജയബാബു, തഹസില്‍ദാര്‍ ഹരി, വെറ്ററിനറി ഡോക്ടര്‍മാരായ മനോഹരന്‍, സുകുമാരന്‍, കതിരവന്‍, ദയാല്‍ ശേഖര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രോഗബാധിരായ കോഴികളുടെ രക്തം പിരശോധനക്കയക്കായി ചെന്നൈയിലേയും ഭോപ്പാലിലെയും ലാബുകളിലേക്കയക്കും. ചത്തകോഴികളെയും മുട്ടയും കത്തിക്കാനായി സംഘം കൊണ്ടുപോയി.
രോഗലക്ഷണങ്ങള്‍ പക്ഷിപ്പനിയുടെതാണെങ്കിലും പരിശോധനാഫലം വന്നതിന് ശേഷമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പക്ഷികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴികള്‍ക്കും കോഴികള്‍ ചത്തവീടുകളിലുള്ളവര്‍ക്കും മരുന്ന് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ചെക്‌പോസ്റ്റുകളായ നാടുകാണി,ചോരാടി..താളൂര്‍, കക്കുണ്ടി, പാട്ടവയല്‍, കോഴിത്തീറ്റ കക്കനഹല്ല(കര്‍ണാടക) എന്നിവിടങ്ങളില്‍ പരിശോധനക്കായി 24 മണിക്കൂറും വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.