ചെന്നിത്തലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Posted on: November 30, 2014 10:24 am | Last updated: December 1, 2014 at 12:21 am

bird-fluആലപ്പുഴ: ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചു. ചെന്നിത്തലയില്‍ എട്ട് സ്വകാര്യ ഹാച്ചറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ടി വരും. കാര്‍ത്തികപ്പള്ളി താലൂക്കിലും താറാവുകള്‍ ചത്തൊടുങ്ങുന്നുണ്ട്.
കുട്ടനാട്ടിലെ തന്നെ ചമ്പക്കുളം ഉള്‍പ്പെടെയുള്ള മറ്റു ചില കേന്ദ്രങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നുണ്ടെങ്കിലും ഇവിടങ്ങളിലൊന്നും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ നേരത്തെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആറ് കേന്ദ്രങ്ങളിലും താറാവുകളെ കൊന്ന് സംസ്‌കരിക്കുന്നത് പൂര്‍ത്തിയായെങ്കിലും ഇതുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട രോഗപ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ആശ പ്രവര്‍ത്തകരും മൃഗസംരക്ഷണ വകുപ്പിന്റെ മൂന്ന് ദ്രുതകര്‍മ സംഘാംഗങ്ങളും അടക്കം എട്ട് പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനം നടത്തുക.