Connect with us

Articles

ഇത് നാം അര്‍ഹിക്കുന്ന സര്‍ക്കാര്‍ തന്നെ

Published

|

Last Updated

ഓരോ ജനതക്കും അവരവര്‍ അര്‍ഹിക്കുന്ന ഭരണകൂടങ്ങളെയാണ് കിട്ടുകയെന്ന് പറയുന്നത് എത്ര ശരിയാണെന്ന് നമ്മുടെ സര്‍ക്കാറുകള്‍ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. മലയാളികള്‍ സമൂഹത്തേയും ചരിത്രത്തേയും കുറിച്ച് യാഥാര്‍ഥ്യ ബോധമില്ലാത്തവരാണെന്നത് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ബാധകമാണ്. നിരവധി വിഷയങ്ങളില്‍ ഇത് നാം കാണുന്നു. ഏറ്റവും ഒടുവില്‍ ഭക്ഷ്യ വസ്തുക്കളിലെ, വിശേഷിച്ച് പച്ചക്കറികളിലേയും പഴങ്ങളിലേയും കീടനാശിനിയുടെ അംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം തന്നെ നോക്കുക. ആരോഗ്യ, കൃഷി മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. കേട്ടാല്‍ എത്ര ശരിയാണ്, ആവശ്യമാണ്. പക്ഷേ ഇതെത്ര മാത്രം ഫലിതമയമാണ്! ഒന്നാമതായി, മലയാളികള്‍ ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരും ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരുമാണ്. നാം ഭക്ഷിക്കുന്ന വസ്തുക്കളില്‍ 90 ശതമാനവും പുറത്തു നിന്നും വരുന്നവയാണ്. ഈ പഴങ്ങളും പച്ചക്കറികളും എങ്ങനെ എവിടെവെച്ച് ആര് പരിശോധിക്കും? എന്നതാണ് പ്രധാന ചോദ്യം. അത്തരം ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന് കണ്ടാല്‍ ആരെ ശിക്ഷിക്കും? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ പ്രസക്തമാണ്.
ഇതിനേക്കാള്‍ മര്‍മ പ്രധാനമായ വിഷയമാണ് പച്ചക്കറികളും പഴങ്ങളും എത്രമാത്രം നമുക്ക് ഉത്പാദിപ്പിക്കാനാകും എന്നത്. ഉത്പാദിപ്പിച്ചാല്‍ തന്നെ അവയെല്ലാം കീടനാശിനിരഹിതമാകുമെന്ന ഉറപ്പെന്താണ് ?. തീര്‍ച്ചയായും ഒരു “അതോറിറ്റി” വെള്ളാനയെ നമുക്ക് സൃഷ്ടിക്കാം. അവര്‍ക്ക് ഓഫീസും കാറും സ്റ്റാഫും ഉണ്ടാക്കാം. ഒരു പണിയും ചെയ്തില്ലെങ്കിലും ഇന്നും ~ഒരു വെള്ളാനയെയും പിരിച്ചുവിടാന്‍ ആര്‍ക്കും കഴിയുന്നില്ല. ഫലം… പ്രതിവര്‍ഷം കുറേ കോടികള്‍ തിന്നുമുടിക്കുക തന്നെ..!
മണ്ണിലാണല്ലോ കാര്‍ഷികവിളകള്‍ ഉണ്ടാക്കേണ്ടത്. അതുകൊണ്ട് മണ്ണില്‍ നിന്ന് തുടങ്ങാം. മണ്ണിനോട് നമുക്ക്, വിശേഷിച്ച് ഭരണകൂടത്തിനുള്ള സമീപനം എന്താണ്? വികസനമാണ് ലക്ഷ്യം. അതിന് “നിക്ഷേപക സൗഹൃദ”മാകണം. പണം കൊണ്ടുവരുന്നവര്‍ക്ക് തോന്നുംപടി ഭൂവിനിയോഗം നടത്താനാകണം. വനം, പാരിസ്ഥിതിക ദുര്‍ബല പ്രദേശം, തണ്ണീര്‍തടങ്ങള്‍, നെല്‍വയല്‍, കായല്‍, തീരദേശം… ഇത്തരം വ്യത്യാസങ്ങളൊന്നും മൂലധനം മുടക്കുന്നവര്‍ക്കുണ്ടാകരുത്. ഏതു ഭൂമിയും കുഴിച്ചും നികത്തിയും വന്‍കിട കെട്ടിട സമുച്ചയങ്ങളും ഷോപ്പിംഗ് മാളുകളും കെട്ടുന്നതല്ലേ വികസനം! ഇത്തരത്തില്‍ ഭൂമിയൊക്കെ വികസനത്തിനുപയോഗിച്ച് ടെറസിനു മുകളില്‍ ചാക്കില്‍ മണ്ണിട്ട് പയറും പച്ചമുളകും കൃഷി ചെയ്താല്‍ കേരളത്തിനാവശ്യമായ പച്ചക്കറിയുണ്ടാകും എന്ന വാദത്തിലേക്കെത്താന്‍ കേരളീയര്‍ക്കേ കഴിയൂ.! ഇത്തരം കാപട്യങ്ങള്‍ക്കു സാക്ഷ്യം പറയാന്‍ മഞ്ജു വാര്യര്‍മാരേയും കൂട്ടുന്നു. മറിച്ച്, മണ്ണ് സംരക്ഷിക്കണം, പശ്ചിമഘട്ടം സംരക്ഷിക്കണം, ജൈവകൃഷിയിലേക്കു മടങ്ങിപ്പോകണം, നെല്‍ വയലും തണ്ണീര്‍ത്തടങ്ങളും നികത്തി ഇനി വിമാനത്താവളങ്ങള്‍ വരരുത്. കണ്ടല്‍വെട്ടി ടൂറിസം പദ്ധതി ഉണ്ടാക്കരുത്… ഇതൊക്കെ പറയുന്നവരെ വിദേശ ശക്തികളുടെ പണം വാങ്ങുന്നവരായിക്കാണുന്നു. കേരളം മുഴുവന്‍ പത്ത് വര്‍ഷം കൊണ്ട് ജൈവകൃഷിയിലേക്ക് മടങ്ങണമെന്ന് ഇടതും വലതും ഒരുമിച്ച് നിയമസഭയില്‍ കാര്‍ഷികനയം പാസ്സാക്കി. എന്നാല്‍ ഗാഡ്ഗില്‍ നാടുവിടണമെന്ന മുദ്രാവാക്യമുയര്‍ത്തിയവരുടെ പ്രധാന വാദം, പത്ത് വര്‍ഷത്തിനകം പശ്ചിമ ഘട്ടം ജൈവകാര്‍ഷിക മേഖലയാക്കണം എന്ന നിര്‍ദേശം “കര്‍ഷകരെ” നശിപ്പിക്കും എന്നതാണ്.
യഥാര്‍ഥത്തില്‍ കേരളത്തിന് പച്ചക്കറി- പഴം മുതലായവയില്‍ സ്വാശ്രയത്വം സാധ്യമാണ്. പക്ഷേ, ഇന്നത്തെ സമീപനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരണം. രണ്ട് സമരമുഖങ്ങള്‍ നോക്കുക-ചെങ്ങറയും അരിപ്പയും. ഭൂരഹിതര്‍ കൃഷി ഭൂമിക്കു വേണ്ടി നടത്തുന്ന സമരങ്ങളാണത്. കേരളത്തിലെവിടെ ഭൂമി? എന്ന സ്ഥിരം ചോദ്യത്തിനുള്ള മറുപടിയാണ് ഈ സമരങ്ങള്‍. എസ്റ്റേറ്റെന്ന പേരില്‍ ഭൂനിയമം മറികടന്ന് ഹാരിസണ്‍, പോസ്‌കോ തുടങ്ങിയ നിരവധി കമ്പനികള്‍ കൈയടക്കി വെച്ചിരിക്കുന്ന എസ്റ്റേറ്റുകള്‍ ഒന്ന് അളക്കാന്‍ പോലും മാറി മാറി വന്ന ഭരണകര്‍ത്താക്കള്‍ തയ്യാറായില്ല. ഇവരുടെയൊക്കെ കൈവശമിരിക്കുന്നത് പാട്ടഭൂമിയാണ്. സര്‍ക്കാറിന് പാട്ടം നല്‍കാതിരിക്കല്‍ എന്ന കാരണത്താല്‍ തന്നെ ഒഴിപ്പിക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ട്. ഭൂമി മുറിച്ചുവിറ്റാലും മറിച്ചുവിറ്റാലും പാട്ടക്കരാര്‍ റദ്ദാകും. പലതിന്റെയും പാട്ടക്കരാര്‍ കാലാവധി പൂര്‍ത്തിയായവയാണ്. അവരുടെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിത കര്‍ഷകര്‍ക്ക് നല്‍കണം. പക്ഷേ, അത് മലയോര കൈയേറ്റക്കാര്‍ പറയുന്നതുപോലെ പട്ടയം വഴി നല്‍കേണ്ടതില്ല. ഹാരിസണിന് നല്‍കുന്നതുപോലെ ഞങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയാല്‍ മതി എന്നാണ് ചെങ്ങറ സമരസമിതി ആവശ്യപ്പെട്ടത്. അവര്‍ക്ക് ഭൂമി മറിച്ചുവില്‍ക്കാനല്ല എന്നര്‍ഥം. പക്ഷേ, ഭൂമിയിലെ അവകാശമെന്നാല്‍ അത് കുഴിക്കാനും നികത്താനും വില്‍ക്കാനുമുള്ള അവകാശം എന്ന് മാത്രമറിയുന്നവര്‍ നമ്മള്‍. അതുകൊണ്ട് തന്നെ ഇന്നാട്ടില്‍ പച്ചക്കറിയും പഴങ്ങളും ഉണ്ടാക്കി കഴിച്ച് ആരോഗ്യം സംരക്ഷിക്കുമെന്ന് പറയാനുള്ള ധൈര്യം ഒരു മുഖ്യമന്ത്രിക്കും കാണില്ല. എന്നാല്‍, നാട്ടില്‍ അര്‍ബുദവും പ്രമേഹവും കിഡ്‌നി തകരാറുകളും വ്യാപിക്കുന്നുവെന്ന് കാണുമ്പോള്‍ മിണ്ടാതിരിക്കാനുമാകില്ല. മുമ്പ് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ സമരരംഗത്തുവന്നവര്‍ക്ക് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നവരുടെ മര്‍ദനം വരെ കിട്ടി. അന്ന് മര്‍ദിച്ച യൂനിയന്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി- വിദ്യാര്‍ഥി നേതാക്കള്‍ പിന്നീട് എന്‍ഡോസള്‍ഫാന്‍ വഴി വിരുദ്ധ പോരാളികളായിത്തീര്‍ന്നതും നാം കണ്ടതാണ്.
കേരളത്തിനു പുറത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും നാം എങ്ങനെയാണ് പരിശോധിക്കുക! ഇത്തരം പരിശോധനകള്‍ നടത്താനുള്ള സാങ്കേതിക യോഗ്യതയും ശേഷികളുമുള്ള ഏതൊക്കെ ഏജന്‍സികള്‍ കേരളത്തിലുണ്ട്?. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പത്തിലേറെ ചെക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഇവയെ അവിടെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുമോ? അതിനെന്തര്‍ഥം? അതില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന് കണ്ടാല്‍ തിരിച്ചയക്കുമോ? അവരെ തടഞ്ഞുവെച്ച് ശിക്ഷിക്കുമോ? അങ്ങനെ തടഞ്ഞുവെച്ചാല്‍ കേരള കമ്പോളത്തില്‍ പച്ചക്കറി കിട്ടാതെ വലയുകയില്ലേ? നമ്മുടെ നാട്ടിലെ ഉത്സവങ്ങളും വിവാഹങ്ങളും മാത്രമല്ല ദൈനംദിന ജീവിതവും ഈ പച്ചക്കറികളെ ആശ്രയിക്കുന്നു.
ഇനി, ഈ പച്ചക്കറി കൊണ്ടുവരുന്നവരോ കുറ്റക്കാര്‍? അതോ, അവയേറ്റെടുക്കുന്ന മൊത്തകച്ചവടക്കാരോ?
നാട്ടിലാകെ വ്യാപിച്ചു കിടക്കുന്ന കര്‍ഷകരുടെ മേല്‍ എന്തു സ്വാധീനം ചെലുത്താന്‍ നമുക്ക് കഴിയും? സര്‍ക്കാറിന്റെ പത്രക്കുറിപ്പ് പറയുന്നത് “മൊത്തക്കച്ചവടക്കാരുടെ യോഗം വിളിച്ച് കൂട്ടും. പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിധ്യം നീക്കം ചെയ്യുന്നതിനെക്കുറിച്ച് പൊതു ജനങ്ങളെ ബോധവത്കരിക്കും. (കീടനാശിനിയില്‍ മുക്കിയെടുത്ത പഴങ്ങളും പച്ചക്കറികളും എങ്ങനെ ശുദ്ധീകരിക്കുമെന്നാണ്?) ഇത്തരം പ്രഖ്യാപന പരിപാടികള്‍ കേവലം ഫലിതം മാത്രം.
കീടനാശിനികളില്ലാതെ കൃഷി ചെയ്താല്‍ വില കൂടുമെന്നാണ് വലിയൊരു വിഭാഗം പറയുന്നത്. ജൈവ ഉത്പന്നങ്ങള്‍ മാത്രമായാല്‍ വലിയൊരു വിഭാഗത്തിനും അത് താങ്ങാനാകില്ല. പിന്നെ കര്‍ഷകര്‍ എന്തിന് വേണ്ടി നിലപാടെടുക്കണം? ഇവിടെയാണ് സര്‍ക്കാറിന്റെ യഥാര്‍ഥ താത്പര്യം ഉണ്ടാകേണ്ടത്. ജൈവ കൃഷി വികസിപ്പിക്കാന്‍ കേരളത്തില്‍ ധാരാളം സാധ്യതകള്‍ ഉണ്ട്. ഭൂരഹിത കര്‍ഷകര്‍ക്കൊപ്പം കുടുംബശ്രീ യൂനിറ്റുകള്‍, യുവജന സംഘടനകള്‍, മുതലായവയെയെല്ലാം സര്‍ക്കാര്‍ കൈയയച്ച് സഹായിക്കണം. സാമ്പത്തികമായി ഇവക്ക് നല്‍കുന്ന സഹായങ്ങള്‍ ഒരു നഷ്ടമല്ല. അത്രയും ചെലവ് ആരോഗ്യത്തിനായുള്ള ചെലവില്‍ കുറയും. മണ്ണും വെള്ളവും നശിക്കുന്നത് തടയാനാകും. മുടക്കുന്നതിന്റെ പലമടങ്ങ് നേട്ടമുണ്ടാകും. പക്ഷേ, അത് കേവലം കടലാസിലെ “ചെലവ്” ആകരുത്.
ഇതിനേക്കാളെല്ലാം പ്രധാനമായ ഒരു വസ്തുതയുണ്ട്. കേരളത്തില്‍ പലതരം കീടനാശിനികള്‍ ഇപ്പോഴും വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്, ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവ ഉത്പാദിപ്പിക്കുന്നിടത്തോളം കാലം എങ്ങനെയാണ് സര്‍ക്കാറിന് നിയന്ത്രിക്കാനാകുക? അന്തിമമായി നമ്മുടെ അടിസ്ഥാന നിലപാടുകളില്‍ തന്നെ മാറ്റം വരുത്തേണ്ടി വരും. മണ്ണും വെള്ളവും ആരോഗ്യവും “വികസന”ത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് പ്രധാനം. അതിന് “അതോറിറ്റി”യൊന്നും വേണ്ട. ഇന്ന് ശരാശരി മലയാളി ഭയപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ പത്രങ്ങള്‍ തന്നെ ഭക്ഷണത്തിലെ വിഷത്തെക്കുറിച്ച് വ്യാപകമായി എഴുതുന്നുണ്ട്. നല്ലത്. പക്ഷേ, സര്‍ക്കാറിന്റെ യഥാര്‍ഥമായ ഇടപെടല്‍ ഇല്ലെങ്കില്‍ ഇതുകൊണ്ടൊന്നും ഒരു ഫലവുമില്ല.