Connect with us

Kerala

ഹാരിസണ്‍ വ്യാജരേഖ ചമച്ചത് റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈവശം വെക്കാന്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് വ്യാജരേഖ ചമച്ചത് റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും റീസര്‍വേ രേഖകളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. നാല് ജില്ലകളിലായി മുപ്പതിനായിരം ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നാണ് സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ഇടുക്കിയിലും ഉടുമ്പന്‍ചോലയിലും വ്യാജരേഖ ചമച്ചതിന്റെ തെളിവുണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ കൂടിയായ സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.

ഇടുക്കി, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നേരിട്ട് പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തൃശൂര്‍, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഹാരിസണ്‍സ് മലയാളത്തിനുള്ള ഭൂമി സ്‌പെഷ്യല്‍ ഓഫീസര്‍ പിന്നീട് പരിശോധിക്കും. കൈയേറിയ സര്‍ക്കാര്‍ ഭൂമികളില്‍ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിച്ചെടുക്കുന്ന രീതിയാണ് കമ്പനി അവലംബിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനി കൈവശം വെച്ചിരിക്കുന്ന 59,659 ഏക്കര്‍ ഭൂമിയില്‍ ഭൂരിപക്ഷവും പാട്ടമാണെന്ന് അവര്‍ തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തമാണ്. ഇതില്‍ പതിനായിരം ഏക്കര്‍ ഭൂമി ഹാരിസണ്‍ പലര്‍ക്കും വിറ്റു. ഭൂമിയുടെ ചരിത്രം മറച്ചുവെച്ചാണ് കമ്പനി കോടതിയില്‍ പല രേഖകളും ഹാജരാക്കിയത്. ഹാരിസണില്‍ നിന്ന് ഭൂമി വാങ്ങിയവര്‍ക്കും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ബാധകമാണ്. വ്യാജ രേഖകളില്‍ ചിലത് വിദേശ നിര്‍മിതമാണെന്നാണ് സ്‌പെഷ്യല്‍ ഓഫീസറുടെ നിഗമനം. വ്യാജ പട്ടയങ്ങള്‍ മുതല്‍ ക്രയവിക്രയ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഈസ്റ്റ് ഇന്ത്യ ടീ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ഉള്‍പ്പെടെ നിരവധി വിദേശ കമ്പനികളില്‍ നിന്നാണ് അറുപതിനായിരം ഏക്കര്‍ ഭൂമി എട്ട് ജില്ലകളിലായി ഹാരിസണ്‍സ് മലയാളം സമീപകാലത്ത് കൈവശമാക്കിയത്.
ഭൂമി സര്‍ക്കാറിന്റേതാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് സര്‍ക്കാറിന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചത്.