ബി പി എല്‍ കാര്‍ഡ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

Posted on: November 29, 2014 12:00 pm | Last updated: November 29, 2014 at 12:00 pm

തൃശൂര്‍: അനര്‍ഹമായി ബി പി എല്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പ്തല ശിക്ഷാ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പ് തല മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ബി പി എല്‍ കാര്‍ഡു മുഖേന കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില ഇക്കൂട്ടരില്‍ നിന്ന് ഈടാക്കാനും ഇത്തരത്തില്‍ കണ്ടെത്തിയ 31 ബി പി എല്‍ കാര്‍ഡുകള്‍ ഉടന്‍ എ പി എല്‍ ആക്കി മാറ്റാനും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബേങ്ക്, എല്‍ ഐ സി തുടങ്ങിയ സ്ഥാപന മേധാവികളോട് ജീവനക്കാര്‍ ബി പി എല്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിട്ടുണ്ടോയെന്നും പരിശോധിച്ച് അത്തരക്കാരുടെ പേരും വിവരങ്ങളും റേഷന്‍ കാര്‍ഡ് നമ്പറും സഹിതം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.