Connect with us

Ongoing News

തോല്‍വിയറിയാതെ റയല്‍

Published

|

Last Updated

മാഡ്രിഡ്: റെക്കോര്‍ഡുകള്‍ മറികടക്കുന്നതിലല്ല അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്നതിലാണ് റയല്‍മാഡ്രിഡിന്റെ ശ്രദ്ധയെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ബാസലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ആഞ്ചലോട്ടിയുടെ ടീം ക്ലബ്ബ് റെക്കോര്‍ഡായ തുടരെ പതിനഞ്ച് ജയങ്ങള്‍ക്കൊപ്പമെത്തിയിരുന്നു. ഇന്ന് സ്പാനിഷ് ലാ ലിഗയില്‍ മലാഗയെ തോല്‍പ്പിച്ചാല്‍ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തുടരെ പതിനാറ് ജയങ്ങളുമായി റയലിന്റെ പുതുനിരക്ക് റെക്കോര്‍ഡ് സ്വന്തമാക്കാം. നേരത്തെ 1960-61, 2011-12 കാലഘട്ടത്തിലെ റയല്‍ ടീം പതിനഞ്ച് തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയിരുന്നു.
റെക്കോര്‍ഡുകളല്ല, വിജയതൃഷ്ണ നിലനിര്‍ത്തുകയാണ് പ്രധാനം. മുന്നിലുള്ള ഓരോ കളിയും നിര്‍ണായകമാണ്. സ്‌പെയ്‌നില്‍ ലീഡ് നിലനിര്‍ത്താന്‍ മലാഗക്കെതിരെ ജയിച്ചേ തീരൂ – ആഞ്ചലോട്ടി നയം വ്യക്തമാക്കുന്നു.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ അഞ്ച് കളിയും ജയിച്ച റയല്‍ പതിനഞ്ച് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. മറ്റൊരു ടീമിനും നൂറ് ശതമാനം വിജയമില്ല. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ പതിനൊന്നാം കിരീടം ലക്ഷ്യമിടുന്നു. ബാസലിനെതിരെ വിജയഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ഫോം തുടരുന്നതും മാഡ്രിഡ് ക്ലബ്ബിന് ആവേശമേകുന്നു.