സുഖമായിരിക്കുന്നു : പെലെ

Posted on: November 29, 2014 12:30 am | Last updated: November 29, 2014 at 10:30 am

Pele_0_0_0_0സാവോപോളോ: ഹലോ, ഞാന്‍ സുഖമായിരിക്കുന്നുവെന്ന് ഈയവസരത്തില്‍ അറിയിക്കട്ടെ – സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഹോസ്പിറ്റലില്‍ നിന്ന് പെലെ ട്വിറ്ററില്‍ കുറിച്ചിട്ട സന്ദേശമാണിത്.
ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ സുഖവിവരം അറിഞ്ഞപ്പോള്‍ ബ്രസീലിയന്‍ ജനതക്ക് തെല്ലൊരാശ്വാസം. എന്നാല്‍, സുഖംപ്രാപിക്കുന്നു എന്ന് മാത്രമാണ് ആശുപത്രി വൃത്തങ്ങള്‍ നില്‍ക്കുന്ന റിപ്പോര്‍ട്ട്. മൂത്രാശയ അണുബാധയെ തുടര്‍ന്ന് കുറേദിവസങ്ങളായി ചികിത്സയിലായിരുന്ന പെലെയെ കഴിഞ്ഞ ദിവസമാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
പെലെ ഇപ്പോഴും അവിടെ തന്നെയാണെന്നും ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെട്ടുവെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രി വക്താവ് അറിയിച്ചത്. ഡയാലിസിസ് തുടരുകയാണ്, അതേ സമയം ശ്വസനപ്രക്രിയ സ്വാഭാവിക നിലയിലെത്തിയിട്ടുണ്ടെന്നും കൃത്രിമശ്വാസോച്ഛ്വാസം എടുത്തുമാറ്റിയതായും ആശുപത്രി അറിയിച്ചു.
1363 മത്സരങ്ങളില്‍ 1281 ഗോളുകളാണ് പെലെ നേടിയത്. ലോകകപ്പില്‍ പതിനാല് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് ഗോളുകള്‍. 1970 മെക്‌സിക്കോ ലോകകപ്പില്‍ മികച്ച പ്ലെയര്‍ക്കുള്ള ഫിഫ ഗോള്‍ഡന്‍ ബോള്‍ നേടിയ പെലെ മൂന്ന് ലോകകപ്പ് ജേതാവാണ്. ബ്രസീലിനായി 91 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടി.