Connect with us

Kozhikode

വിസിക്കെതിരെ കരിങ്കൊടി; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Published

|

Last Updated

മുക്കം: മാമ്പറ്റ ഡോണ്‍ബോസ്‌കോ കോളജില്‍ പുതുതായി അംഗീകാരം ലഭിച്ച റഗുലര്‍ കോളജ് ഉദ്ഘാടനം ചെയ്യാനെത്തിയ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാമിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും വഴിയില്‍ തടയുകയും ചെയ്തു. രാവിലെ മാമ്പറ്റയിലെത്തിയ വിസിയെ അങ്ങാടിയിലെ കടയിലൊളിച്ചിരുന്ന പതിനഞ്ചോളം പ്രവര്‍ത്തകരാണ് വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് കരിങ്കൊടി കാണിച്ചത്. പരിപാടി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും എസ് എഫ് ഐക്കാര്‍ കരിങ്കൊടിയുമായി സ്ഥാപനത്തിന്റെ ഗേറ്റിലെത്തി. 20 മിനുട്ട് നേരം വിസിക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വാഹനത്തിലിരിക്കേണ്ടിവന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. ഇതിനിടെ എസ് എഫ് ഐക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. പോലീസ് മര്‍ദനത്തില്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം കെ നിതേഷ്, വൈസ് പ്രസിഡന്റ് ലിന്റോ ജോസഫ്, തിരുവമ്പാടി ഏരിയ പ്രസിഡന്റ് ജാഫര്‍ ശരീഫ്, സെക്രട്ടറി അരുണ്‍ ഒഴലോട്ട്, സി നോര്‍മന്‍, ബിനില്‍ ബാലന്‍, ബെഞ്ചമിന്‍, ലിജിന്‍ദാസ്, വൈശാഖ്, അജിത്ത് ഫ്രാന്‍സി എന്നിവര്‍ക്ക് പരുക്കേറ്റു. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാമ്പറ്റയില്‍ പ്രകടനം നടത്തി.