അരീക്കോട് ഐ ടി പാര്‍ക്ക്: സ്ഥലം സന്ദര്‍ശിച്ചു

Posted on: November 29, 2014 9:09 am | Last updated: November 29, 2014 at 9:09 am

അരീക്കോട്: ശക്തമായ പ്രതിഷേധത്തിനിടെ പി കെ ബശീര്‍ എം എല്‍ എയും ജില്ലാകലക്ടര്‍ കെ ബിജുവും നിര്‍ദിഷ്ഠ സൗത്ത് പുത്തലം ഐ ടി പാര്‍ക്കിനുള്ള സ്ഥലം സന്ദര്‍ശിച്ചു.
53 ഭൂവുടമസ്ഥര്‍ 38 ഏക്കര്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സഫറുല്ല, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ കെ മുഹമ്മദ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ കാലത്ത് ഒമ്പത് മണിക്കായിരുന്നു സന്ദര്‍ശനം.
എം എല്‍ എ യും കലക്ടറും സ്ഥലത്തെത്തുമെന്നറിഞ്ഞ് ഐടി പാര്‍ക്കിനായി സ്ഥലം വിട്ടു നല്‍കില്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകളേന്തി സമരക്കാര്‍ പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു. എം എല്‍ എക്ക് അഭിവാദ്യമര്‍പ്പിച്ച് ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധവുമായി സമരക്കാരും പ്രകടനം നടത്തി. ഇത് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. പോലീസിന്റെ സമയോചിത ഇടപെടല്‍ കാരണം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.