Connect with us

Kannur

മനോജ് വധം;കൊലക്ക് ഉപയോഗിച്ച വാളും കഠാരയും കണ്ടെടുത്തു

Published

|

Last Updated

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കിഴക്കേ കതിരൂരിലെ എളന്തോട്ടത്തില്‍ മനോജ് വധക്കേസന്വേഷണം നടത്തുന്ന സി ബി ഐ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. മനോജ് സഞ്ചരിച്ച മാരുതി വാനിന് ബോംബെറിഞ്ഞ ശേഷം ഇദ്ദേഹത്തെ വളഞ്ഞിട്ട് വെട്ടിക്കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ച അഞ്ച് വാളുകളും ഒരു സ്റ്റീല്‍ കഠാരയും കണ്ടെടുത്തതോടെ അന്വേഷണം വഴിത്തിരിവിലെത്തി.
മനോജ് കൊല്ലപ്പെട്ട തിട്ടയില്‍ മുക്കിന് സമീപത്തുള്ള ഉക്കാസ്‌മൊട്ട വയല്‍ക്കരയില്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് അരിച്ചാക്കില്‍ സൂക്ഷിച്ച് ഉപേക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് സൂചനയുണ്ട്. പിടികൂടിയ വാളില്‍ രക്തക്കറ കണ്ടതായാണ് വിവരം. ഇത് എറണാകുളം സി ബി ഐ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഫോറന്‍സിക് പരിശോധനക്കയക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
നേരത്തെ കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ ചോദ്യം ചെയ്തപ്പോള്‍ കൊലക്കുപയോഗിച്ച ആയുധങ്ങള്‍ ചടാല പുഴയില്‍ ഉപേക്ഷിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ ഇത് മാറ്റിപ്പറഞ്ഞു. എന്നാല്‍ ചടാല പുഴയുടെ തീരത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നെങ്കിലും ആയുധങ്ങള്‍ കണ്ടെടുക്കാനായിരുന്നില്ല. ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്ത സി ബി ഐ സംഘം കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും നേരത്തെ പിടിയിലായവരെയും എറണാകുളം സി ബി ഐ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലക്കത്തികള്‍ ഉപേക്ഷിച്ച സ്ഥലത്തെ പറ്റി സി ബി ഐക്ക് വിവരം ലഭിച്ചത്. വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ അതീവ രഹസ്യമായി നടത്തിയ തിരച്ചിലിലാണ് വാളുകളും കഠാരയും കണ്ടെടുക്കാനായത്. മനോജ് വധക്കേസില്‍ ഇതേവരെ 15 പ്രതികള്‍ അറസ്റ്റിലായി. ഏഴ് പേരെ ക്രൈം ബ്രാഞ്ചും എട്ട് പ്രതികളെ സി ബി ഐ യുമാണ് അറസ്റ്റ് ചെയ്തത്. 19 പേരുള്ള പ്രതി പട്ടികയാണ് നേരത്തെ കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ പട്ടികയിലെ പേരുകള്‍ പിന്തുടര്‍ന്നാണ് സി ബി ഐയും കേസന്വേഷണം മുന്നോട്ട് നീക്കുന്നത്.
പട്ടിക പ്രകാരം ഇനി നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതിന് പുറമെ മനോജിനെ വകവരുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പങ്കാളിയായവരെ കൂടി പിടികൂടാനാണ് സി ബി ഐ ഒരുങ്ങുന്നത്. ഇതിനായി ഇതുവരെ പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യും.
കൊല്ലപ്പെട്ട മനോജിന്റെ വീട് സന്ദര്‍ശിച്ച സി ബി ഐ ഡി ഐ ജി കൊലപാതകം നടന്ന തിട്ടയില്‍ മുക്കിലും നേരിട്ടെത്തി പരിശോധന നടത്തി. പ്രതികള്‍ ഒളിച്ചിരുന്നുവെന്ന് പറയുന്ന സ്ഥലവും പരിസരവും ആയുധങ്ങള്‍ ഉപേക്ഷിച്ച വയല്‍ക്കരയും അദ്ദേഹം സന്ദര്‍ശിച്ചു.