ഇറാഖില്‍ ബന്ദികളായ തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വാസ്തവവിരുദ്ധം: കേന്ദ്രം

Posted on: November 29, 2014 12:10 am | Last updated: November 28, 2014 at 11:16 pm

ന്യൂഡല്‍ഹി: ഇറാഖില്‍ ബന്ദികളാക്കിയ 40 ഇന്ത്യന്‍ തൊഴിലാളികള്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത ശരിയല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലിമെന്റിനെ അറിയിച്ചു. ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ നിരന്തരം കാതോര്‍ക്കുകയാണെന്നും ഇപ്പോള്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവര്‍ പറഞ്ഞു. ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരുടെ കാര്യത്തില്‍ രാജ്യത്തോട് സര്‍ക്കാര്‍ കളവ് പറഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. തൊഴിലാളികള്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ മുഴുവന്‍ ഇസില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജീത് മസ്സീഹിനെ ഉദ്ധരിച്ചതാണെന്നും അവ ശരിയല്ലെന്നും അവര്‍ അവകാശപ്പെട്ടു.
തുര്‍ക്കി നിര്‍മാണ കമ്പനിക്കായി മൂസ്വിലില്‍ ജോലി ചെയ്യുകയായിരുന്ന 40 ഇന്ത്യന്‍ തൊഴിലാളികളെ ഇസില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത് കഴിഞ്ഞ ജൂണിലാണ്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജീത് ആണ് വിവരം പുറത്ത് എത്തിക്കുന്നത്. ബംഗ്ലാദേശി തൊഴിലാളികളോടൊപ്പം ഇര്‍ബിലിലേക്ക് പോകവേയാണ് തീവ്രവാദികള്‍ ട്രക്ക് റാഞ്ചിയതെന്നും അല്‍പ്പ ദൂരം ചെന്നപ്പോള്‍ ബംഗ്ലാദേശികളെ ഒഴിവാക്കി ഇന്ത്യക്കാരെ വധിക്കുകയായിരുന്നുവെന്നുമാണ് ഹര്‍ജീത് പറയുന്നത്. തനിക്കും വെടിയേറ്റിരുന്നുവെന്നും തന്ത്രപരമായി രക്ഷപ്പെടാന്‍ സാധിച്ചുവെന്നും ഇയാള്‍ പറയുന്നു.
ഹര്‍ജീത്തിന്റെ കഥയില്‍ ഒരു പാട് പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സുഷമ പറഞ്ഞു. ‘ഈ കഥ വിശ്വസിച്ച് വേണമെങ്കില്‍ തിരച്ചില്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ ഈ കഥ തള്ളിക്കളഞ്ഞ് അന്വേഷണം തുടരാം. ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് രണ്ടാമത്തേതാണ്. നിരവധി വ്യക്തികളുമായും സംഘടനകളുമായും ബന്ധപ്പെട്ടു കഴിഞ്ഞു. ആറ് സ്രോതസ്സുകള്‍ തന്നിട്ടുള്ള വിവരം കൊല്ലപ്പെട്ടിട്ടില്ല എന്നാണ്. ഇവ വാക്കാലുള്ള വിവരങ്ങള്‍ അല്ല. രേഖാപരമാണ്. അവ പരസ്യപ്പെടുത്താനാകില്ല’- സുഷമാ സ്വരാജ് പറഞ്ഞു.