പക്ഷിപ്പനിയെ ഇങ്ങനെയാണോ അഭിമുഖീകരിക്കേണ്ടത്?

Posted on: November 29, 2014 6:00 am | Last updated: November 28, 2014 at 10:49 pm

tharavuഎരിഞ്ഞടങ്ങുകയാണ് കുട്ടനാട്ടിലെ താറാവ് കൂട്ടങ്ങള്‍. പക്ഷിപ്പനി വന്നാല്‍ കൊന്ന് കത്തിക്കുകയല്ലാതെ മറ്റുവഴികളില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന മാനദണ്ഡമായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് വഴി വേറെയില്ല. രോഗവ്യാപനം തടയാന്‍ മറ്റു മാര്‍ഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ അനുസരിച്ചേ പറ്റൂ. നടപടികള്‍ നടക്കട്ടെ, പനി ഭീതി അകലട്ടെ. പ്രശ്‌നം അതല്ല. ഇങ്ങനെയൊരു പനി എങ്ങനെ കേരളത്തില്‍ വന്നു? മുന്‍കരുതല്‍ നടപടികള്‍ വല്ലതും സ്വീകരിച്ചിരുന്നോ? എത്ര മാത്രം ജാഗ്രത ഇക്കാര്യത്തിലുണ്ടായിരുന്നു? കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയപ്പോള്‍ അത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ നേരിട്ട കാലതാമസത്തിന് എന്തുമാത്രം വിലകൊടുക്കേണ്ടി വന്നു? പനി വ്യാപനത്തിന് ഇതെല്ലാം വേഗം കൂട്ടുകയായിരുന്നില്ലേ? വിശകലന വിധേയമാക്കി പ്രതിവിധി കണ്ടെത്തേണ്ട വസ്തുതകളാണിത്.
താറാവുകള്‍ ചത്തൊടുങ്ങാനുള്ള കാരണം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് ഈ മേഖലയിലുള്ളവര്‍ കേട്ടത്. മൂന്നാഴ്ച മുമ്പ് കുട്ടനാട്ടില്‍ ചത്ത താറാവുകളുടെ സാമ്പിളില്‍ പക്ഷിപ്പനിയുടെ വൈറസ് സാന്നിധ്യമായ എച്ച് 5 ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലാണ് സ്ഥിരീകരിച്ചത്. ഹൈലി പതോജനിക് ഏവിയന്‍ ഇന്‍ഫഌവന്‍സ (എച്ച് പി എ ഐ) എന്ന രോഗമാണ് പടര്‍ന്നുപിടിക്കുന്നതെന്നു കണ്ടെത്തി. മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുകയാണ്. പക്ഷിപ്പനിക്ക് ഇടയാക്കിയ വൈറസ് മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള എച്ച് 5 എന്‍1 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. താരതമ്യേന അപകടം കുറഞ്ഞ വൈറസാണിതെന്ന കണ്ടെത്തല്‍ ആശങ്കക്കിടയിലും ആശ്വാസം പകരുന്നു.
കുട്ടനാട്, ആലപ്പുഴ മേഖലകളിലെ സമ്പദ്ഘടനയുടെ ജീവവായു കൃഷിയാണ്. നമ്മുടെ നാട്ടിലെ അരി കൊണ്ട് ഉണ്ണണമെങ്കില്‍ കുട്ടനാട്ടുകാര്‍ കനിയണം. ആന്ധ്രയും തമിഴ്‌നാടും കണ്ണുരുട്ടിയാല്‍ കേരളം പട്ടിണിയിലാകുമെന്ന് പരിതപിക്കുമ്പോഴും വലിയൊരളവില്‍ ഇതിന് പ്രതിവിധി നല്‍കുന്നത് കുട്ടനാട്ടിലാണ് കര്‍ഷകരാണ്. പ്രതിസന്ധികളോട് പടവെട്ടി കൃഷിയിറക്കുന്നവര്‍. നെല്‍കൃഷിയിലെ വരുമാന നഷ്ടം നികത്താനാണ് പലരും താറാവ്, മത്സ്യ കൃഷികളില്‍ കൈവെക്കുന്നത്. പത്ത് ലക്ഷത്തോളം താറാവുകള്‍ ഈ മേഖലയിലുണ്ടെന്നാണ് കണക്ക്. പകര്‍ച്ചപ്പനി നേരിടാന്‍ ഇതില്‍ രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നുകളയേണ്ടി വരും.
കുട്ടനാട്ടിലുണ്ടാകുന്ന ഏത് ദുരന്തവും വല്ലാത്തൊരു പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് അറിയാത്തവരല്ല ഭരണകൂടങ്ങള്‍. ലോകം മുഴുവന്‍ ഭയക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി. അതിനാല്‍ തദ്ദേശീയമായ തിരിച്ചടികള്‍ക്കൊപ്പം കയറ്റുമതിയിലും നിയന്ത്രണം വന്നതോടെ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. കുട്ടനാട് കേന്ദ്രീകരിച്ച് രൂപപ്പെട്ട കായല്‍ ടൂറിസവും പനിച്ച് വിറയ്ക്കുകയാണ്. കുട്ടനാടന്‍ ഗ്രാമീണഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികള്‍ ഭീതിയോടെ പിന്മാറുന്നു. ഹൗസ്‌ബോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. റിസ്‌ക്കെടുക്കാന്‍ വയ്യെന്ന നിലപാടിലാണ് ടൂറിസ്റ്റുകള്‍. കുട്ടനാടിന്റെ ടൂറിസം മേഖല തകിടം മറിയുമോയെന്ന ആശങ്കപോലും പലരും പങ്കുവെക്കുന്നു. ഹൗസ്‌ബോട്ട് മേഖലയില്‍ ഇത് സീസണാണ്. ഡിസംബര്‍ മാസത്തോടെ സജീവമാകേണ്ട ടൂറിസം സീസണു വേണ്ടി ഹൗസ് ബോട്ടുകള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരുക്കിയെടുത്തപ്പോഴാണ് പക്ഷിപ്പനി ബാധ ഇരുട്ടടിയായത്. നിലവില്‍ ഏറെ പ്രതിസന്ധിയിലാണ് ഹൗസ്‌ബോട്ട് ടൂറിസം മേഖല. ഈ സാഹചര്യത്തില്‍ കൂനിന്‍മേല്‍ കുരുവായി മാറി പക്ഷിപ്പനി.
മനുഷ്യരിലേക്ക് രോഗം പെട്ടെന്ന് പടരില്ലെന്നൊക്കെ പറയുന്നുണ്ടെങ്കിലും പൂര്‍ണമായും വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറല്ല. അതിനാല്‍തന്നെ എന്തു തരത്തിലുള്ള ഇടപെടലാണ് നടത്തേണ്ടതെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും അറിയുന്നില്ല. ഡിസംബര്‍ അവസാനം തുടങ്ങി ജനുവരിയിലേക്ക് നീളുന്ന സീസണില്‍ വിദേശ വിനോദസഞ്ചാരികളാണ് കൂടുതലായി വരാറുള്ളത്. ആലപ്പുഴയില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വരും സീസണെ വല്ലാതെ ബാധിക്കും. ഇത് ആലപ്പുഴയുടെ ദുര്‍ഗതിയാണ്. മുമ്പ് ചിക്കുന്‍ഗുനിയയും ഡെങ്കിയുമെല്ലാം കൂടുതല്‍ വരിഞ്ഞ് മുറുക്കിയത് ഈ മേഖലയെ തന്നെയായിരുന്നു.
രോഗം വരും. പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കും. യോഗം ചേരും. ദ്രുതകര്‍മ സേനയുണ്ടാക്കും. താത്കാലിക ജീവനക്കാരെ നിയമിക്കും. ഖജനാവില്‍ നിന്ന് കോടികള്‍ അനുവദിക്കും. പഠിക്കാന്‍ കേന്ദ്രസംഘത്തെ ക്ഷണിക്കുന്നതിനൊപ്പം കേന്ദ്രസഹായവും തേടും. കൃത്യമായ കണക്ക് സൂക്ഷിപ്പ് പോലുമില്ലാതെ തുക ചെലവിടാന്‍ അനുമതിയും നല്‍കും. അതോടെ തീര്‍ന്നു. പിന്നെ അടുത്ത പനി വരും വരെ കാത്തിരിക്കും. ഇങ്ങനെ ഉദ്യോഗസ്ഥര്‍ക്കും വന്‍കിട മരുന്ന് ലോബിക്കും ചാകര കൊയ്ത്ത് നടത്താന്‍ അവസരം നല്‍കുന്നതിനപ്പുറം ഇത്തരം പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ എന്ത് ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇനിയെങ്കിലും പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണം. കേട്ടുപരിചയമില്ലാത്ത പല പനികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായി. എച്ച് 1 എന്‍ 1 ആയിരുന്നു ഇതില്‍ പ്രധാനം. ഈ രോഗം ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കുന്നതിനെ ചൊല്ലി പോലും വലിയ പ്രതിഷേധം ഉയര്‍ന്നതാണ്. കൃത്യമായ ബോധവത്കരണത്തിന്റെ, ദീര്‍ഘകാലലക്ഷ്യത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് വലിയ തിരിച്ചടികള്‍ ക്ഷണിച്ച് വരുത്തുന്നത്.
ഒരു പനിയെക്കുറിച്ച് സംശയം ഉയര്‍ന്നാല്‍ രക്തസാമ്പിള്‍ ബെംഗളൂരുവിലേക്കു ഭോപ്പാലിലേക്കും അയച്ച് ഫലത്തിനായി കാത്തിരിക്കേണ്ട ദുര്‍ഗതിയാണ് ഇന്നും കേരളത്തിന്. ഫലം വരുമ്പോഴേക്ക് രോഗം സംഹാരതാണ്ഡവം തുടങ്ങിയിരിക്കും. എന്ത് കൊണ്ട് കേരളത്തിലും ഇങ്ങിനെയൊരു സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നില്ല? കൊട്ടിഘോഷിച്ചാണ് ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രം തുടങ്ങിയത്. സാധാരണയില്‍ കവിഞ്ഞ എന്തെങ്കിലും ഉപയോഗം ഇത് കൊണ്ട് ഉണ്ടായെന്ന് കരുതാന്‍ വയ്യ. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സെന്റര്‍ ആധുനീകരിച്ചാല്‍ ഈ പരിശോധനകളെല്ലാം നടത്താന്‍ കഴിയുമെന്നാണ് അവിടുത്തെ വിദഗ്ധര്‍ പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കാത്തത്.
ഉന്നതതല യോഗങ്ങളില്‍ അവസാനിക്കുന്ന നടപടികളാണ് കേരളത്തിന്റെ ശാപം. ഒരു പ്രശ്‌നമുണ്ടായാല്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കും. പക്ഷേ, അത് നടപ്പാക്കുന്നതിലെ ജാഗ്രതക്കുറവിന് വലിയ വില നല്‍കേണ്ടി വരികയാണ്. ചില പൊളിച്ചെഴുത്തുകളും ഉടച്ചുവാര്‍ക്കലുകളും ഇവിടെ അനിവാര്യമാണ്. നാല് കെട്ടിനുള്ളില്‍ ഒതുക്കിയിടേണ്ടതല്ല വൈദ്യശാസ്ത്രം. രോഗികളെ പരിശോധിച്ച് മരുന്നിന് കുറിപ്പടി നല്‍കാനല്ല മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചത്. ആഴമേറിയ ഗവേഷണങ്ങള്‍ അവിടെ നടക്കണം. അതിനുള്ള സാഹചര്യങ്ങളൊരുക്കണം. മത്സ്യത്തിനും മൃഗത്തിനും കൃഷിക്കും വെവ്വേറെ സര്‍വകലാശാലകള്‍ ഉള്ള നാടാണ് കേരളം. പശുവിനും പാലിനും വെവ്വേറെ വകുപ്പും മന്ത്രിയുമുണ്ട്. വികേന്ദ്രീകൃത സര്‍വകലാശാലകളുടെ ലക്ഷ്യം ആഴമേറിയ ഗവേഷണവും കര്‍ഷക താത്പര്യവുമാണെന്ന് നിയമം നിര്‍മിക്കുമ്പോള്‍ ബില്ലില്‍ എഴുതിവെക്കും. യു ജി സി നല്‍കുന്നതും സഞ്ചിത നിധിയില്‍ നിന്ന് നീക്കിവെക്കുന്നതുമായ പണം ഉപയോഗിച്ച് കുറേയാളുകള്‍ തടിച്ച് വീര്‍ക്കുകയാണോയെന്ന് സംശയിക്കേണ്ട ഗതികേടാണ് പില്‍ക്കാലഅനുഭവം നല്‍കുക.
കുട്ടനാട്ടില്‍ തന്നെ ഒരു കര്‍ഷകന്‍ പറയുന്നത് കേട്ടു: താറാവുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങിയത് മുതല്‍ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിക്കുന്നത് വരെ വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ഒന്നര ലക്ഷം രൂപയുടെ മരുന്ന് നല്‍കേണ്ടി വന്ന കാര്യം. മാറി മാറി കുറിപ്പടി നല്‍കുകയായിരുന്നു. ആദ്യം ഗുളിക നല്‍കി. പിന്നെ കുത്തിവെപ്പായി. ഓരോ ദിവസവും ഓരോ മരുന്ന് നല്‍കാന്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എല്ലാം കത്തിച്ച് കളയണമെന്നും അതേ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ഇതൊരു വിശ്വാസ്യതയുടെ കൂടി പ്രശ്‌നമാകുന്നത് അവിടെയാണ്.
എല്ലാ കാലത്തും താറാവുകള്‍ ചത്തൊടുങ്ങാറുണ്ടെന്നും അത് താറാവ് വസന്തയാണെന്നും പക്ഷിപ്പനി ഡോക്ടര്‍മാര്‍ ഉണ്ടാക്കിയ തട്ടിപ്പാണെന്നും വരെ വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന കര്‍ഷകര്‍ ഇന്നും കുട്ടനാട്ടിലുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കൃത്യമായ ബോധവത്കരണത്തിന്റെയും ഇടപെടലിന്റെയും കുറവ് മൂലമാണ് അവര്‍ക്ക് അങ്ങനെ പറയേണ്ടി വരുന്നത്. ഇവിടെയാണ് ഗവേഷണത്തിന്റെ, ബോധവത്കരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുന്നത്.
ഇത് ഇവിടംകൊണ്ട് അവസാനിക്കുകയില്ല. ദേശാടനക്കിളികളുടെ ഇഷ്ടകേന്ദ്രമാണ് കേരളത്തിലെ തുരുത്തുകള്‍. ഇനിയും അവ വന്നുകൊണ്ടേ ഇരിക്കും. പലതും രോഗവാഹകരുമായിരിക്കും. പുതിയ രോഗങ്ങള്‍ പലതും ഇനിയും പടര്‍ന്ന് പിടിക്കും. അത് തടയാന്‍ കൃത്യമായ ആസൂത്രണത്തോടെ, ദീര്‍ഘകാല പദ്ധതികള്‍ വേണം. ഈ അനുഭവം ഇനിയെങ്കിലും ഒരു അവസരമാക്കണം. അല്ലെങ്കില്‍ ക്ഷണിച്ച് വരുത്തുന്നത് ഇതിലും വലിയ ദുരന്തമായിരിക്കും.