Connect with us

Ongoing News

അട്ടപ്പാടിയില്‍ രണ്ടര വയസ്സുകാരിയെ പിതാവ് വിറ്റു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടര വയസ്സുകാരിയെ പിതാവ് വില്‍പ്പന നടത്തി. അട്ടപ്പാടി ഷോളയൂര്‍ വണ്ണന്തറ ഊരിലാണ് സംഭവം. ഇരുള വിഭാഗത്തില്‍പ്പെട്ട തുളസിയുടെ മകള്‍ സൗമ്യയെയാണ് മാതാവ് അറിയാതെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് പിതാവ് ശംസുദ്ദീന്‍ വിറ്റത്. തുളസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും ഇടനിലക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായി നിന്ന ജോണ്‍ ആണ് അറസ്റ്റിലായത്.
എണ്‍പതിനായിരം രൂപക്കാണ് കുട്ടിയെ വില്‍പ്പന നടത്തിയത്. കഴിഞ്ഞ ഇരുപതാം തിയതിയാണ് സംഭവം. കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എണ്‍പതിനായിരം രൂപ കൈപ്പറ്റിയതില്‍ ഇരുപതിനായിരം രൂപ ഇടനിലക്കാരന്‍ ജോണ്‍ കമ്മീഷനായി എടുത്തു. അറുപതിനായിരം രൂപയാണ് ശംസുദ്ദീന് ലഭിച്ചത്. തുളസിയുടെ രണ്ടാം ഭര്‍ത്താവാണ് ആലത്തൂര്‍ സ്വദേശിയായ ശംസുദ്ദീന്‍.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, കുട്ടിയെ രക്ഷപ്പെടുത്തിയെങ്കില്‍ അതിന്റെ വിവരങ്ങള്‍, കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, ശിശുക്ഷേമ സമിതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.