Connect with us

National

രാംപാലിന്റെ അറസ്റ്റിന് ചെലവായത് 26 കോടി രൂപ

Published

|

Last Updated

ചാണ്ഡീഗഢ്: ഹരിയാനയില്‍ ഹിസാറിലെ സത്‌ലോക് ആശ്രമത്തില്‍ നിന്ന് രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാറിന് ചെലവായത് 26 കോടി രൂപ. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇത്. കനത്ത സുരക്ഷയില്‍ രാംപാലിനെ ഇന്നലെ ജസ്റ്റിസുമാരായ എം ജെയപോള്‍, ദര്‍ശന്‍ സിംഗ് എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെ ഹാജരാക്കി. കേസ് അടുത്ത 23ാം തീയതിയിലേക്ക് മാറ്റി. അന്ന് രാംപാലിനൊപ്പം സഹകുറ്റാരോപിതരായ രാംപാല്‍ ധാക, ഒ പി ഹൂഡ എന്നിവരെയും ഹാജരാക്കണം.
ഹിസാര്‍ ജില്ലയിലെ ബര്‍വാലയില്‍ സ്ഥിതി ചെയ്യുന്ന സത്‌ലോക് ആശ്രമത്തില്‍ നടന്ന പോലീസ് നടപടിയെ സംബന്ധിച്ച വിശദറിപ്പോര്‍ട്ട് ഡി ജി പി. എസ് എന്‍ വസിഷ്ഠ് കോടതിയില്‍ സമര്‍പ്പിച്ചു. രാംപാലിനെ അറസ്റ്റ് ചെയ്യുന്നതിനിടെ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. അറസ്റ്റിന് ചെലവായ തുകയെ സംബന്ധിച്ച് ചാണ്ഡിഗഢ് ഭരണകൂടവും ഹരിയാന, പഞ്ചാബ്, കേന്ദ്ര സര്‍ക്കാറുകളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാംപാലിനെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഹരിയാനക്ക് ചെലവായത് 15.43 കോടി രൂപയാണ്. പഞ്ചാബിന് 4.34 കോടിയും ചാണ്ഡിഗഢ് ഭരണകൂടത്തിന് 3.29 കോടിയും കേന്ദ്ര സര്‍ക്കാറിന് 3.55 കോടിയും ചെലവായി.
സംഘര്‍ഷത്തിനിടെ പരുക്കേറ്റവരെ സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹരിയാന ഡി ജി പിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 909 പേരെ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണം. അറസ്റ്റിലായവരില്‍ പോലീസില്‍ നിന്നും പട്ടാളത്തില്‍ നിന്നും വിരമിച്ചവരുണ്ടോ നിലവില്‍ പോലീസിലോ അനുബന്ധ ഏജന്‍സികളിലോ പ്രവര്‍ത്തിക്കുന്നവരുണ്ടോയെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞ 19 ാം തീയതിയാണ് 63കാരനായ രാംപാലിനെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം അനുയായികളും പോലീസും ഏറ്റുമുട്ടല്‍ നടന്നിരുന്നു. അവസാനം 15000 അനുയായികളെ ആശ്രമവളപ്പില്‍ നിന്ന് പോലീസിന് നീക്കം ചെയ്യേണ്ടി വന്നു. സംഘര്‍ഷത്തിനിടെ അഞ്ച് സ്ത്രീകളും ഒരു കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. 200ലേറെ പേര്‍ക്ക് പരുക്കറ്റു. അനുയായികളെ മനുഷ്യകവചമാക്കി പോലീസിനെ പ്രതിരോധിക്കുകയായിരുന്നു രാംപാലും കൂട്ടാളികളും.

Latest