Connect with us

Gulf

ജിമ്മി ജോര്‍ജ് വോളി ഡിസംബര്‍ ആറു മുതല്‍

Published

|

Last Updated

അബുദാബി: 19-ാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ആറുമുതല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം. ഡിസംബര്‍ 10വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് എല്ലാ ദിവസവും രാത്രിയാണ് നടക്കുക.
ദിവസവും രണ്ടു കളികളുണ്ടാകും. കെ എസ് സി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ഓപണ്‍ സ്‌റ്റേഡിയത്തിലാണ് ഗ്യാലറികള്‍. റമസാന്‍ രാത്രികളില്‍ നടന്നിരുന്ന ടൂര്‍ണമെന്റ് ഇടക്കാലത്ത് വെച്ച് അല്‍ ജസീറാ ക്ലബ്ബിലേക്ക് മാറ്റിയെങ്കിലും കെ എസ് സി അങ്കണത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണെന്നു യുഎഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ഷെട്ടി ചൂണ്ടിക്കാട്ടി. അനുകൂലമായ കാലാവസ്ഥയുടെ പ്രയോജനവും കാണികളുടെ സാനിധ്യം വര്‍ധിപ്പിക്കും. യു എ ഇ, ഇന്ത്യ, യു എസ് എ, റഷ്യ, ഇറാന്‍, ഈജിപ്ത്, ലബനന്‍ എന്നീ രാജ്യങ്ങളിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ദേശീയ രാജ്യാന്തര വോളീബോള്‍ താരങ്ങളും കെ എസ് സി – യുഎഇ എക്‌സ്‌ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എന്‍ എംസി ഹോസ്പിറ്റല്‍, എല്‍ എല്‍എച്ച് ആശുപത്രി, ദുബൈ ഡ്യൂട്ടി ഫ്രീ, ദുബൈ വിഷന്‍ സേഫ്റ്റി, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്), നാഷണല്‍ ഡ്രില്ലിംങ് കമ്പനി (എന്‍ഡിസി) എന്നീ ടീമുകളാണ് യു എ ഇയില്‍ നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് യുഎഇ എക്‌സ്‌ചേഞ്ചും റണ്ണര്‍അപ് ട്രോഫി മുന്‍ പ്രസിഡന്റ് മടവൂര്‍ അയൂബിന്റെ പേരില്‍ കേരള സോഷ്യല്‍ സെന്ററും സമ്മാനിക്കും. വിജയികള്‍ക്ക് 20,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 ദിര്‍ഹവുമാണ് ക്യാഷ് അവാര്‍ഡ് നല്‍കുക.
ഇന്ത്യയുടെ രാജ്യാന്തര വോളിബോള്‍ താരങ്ങളായ കപില്‍ദേവ്, ടോം ജോസഫ്, വിപിന്‍ ജോര്‍ജ്, ജയലാല്‍, അഖില്‍ തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്കായി മല്‍സരത്തിനെത്തും. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്കു വേണ്ടി യുഎ ഇ രാജ്യാന്തര വോളിബോള്‍ താരങ്ങളായ ഹസ്സന്‍ മാജിദ്, ഹാനി അബ്ദുല്ല എ സെയാരി, ഹസന്‍ അടാസ്, സെയ്ദ് അല്‍ മാസ്, ഉമര്‍ അല്‍ തനീജി എന്നിവരും ഉക്രെയ്ന്‍ രാജ്യാന്തര താരങ്ങളായ ഡിമിട്രോ വ്‌ഡോവിന്‍, ലെവ്‌ജെന്‍ സൊറോവ്, ഇന്ത്യന്‍ ദേശീയ താരങ്ങളായ നാദിര്‍ഷ, സുലൈമാന്‍ റാസി എന്നിവരുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കായിക വിഭാഗം സെക്രട്ടറി റജീദ് പട്ടോളി, കലാ വിഭാഗം സെക്രട്ടറി രമേശ് രവി, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ എന്‍ വി മോഹനന്‍, മാച്ച് കോര്‍ഡിനേറ്റര്‍ എം എം ജോഷി, എം സുനീര്‍ പങ്കെടുത്തു.

Latest