ഒറ്റക്കരളുമായി പിറന്ന സയാമീസുകളെ വേര്‍പ്പെടുത്തി

Posted on: November 28, 2014 5:18 am | Last updated: November 27, 2014 at 11:20 pm

sayameesന്യുഡല്‍ഹി: ഒരു കരളുമായി ഉദരങ്ങള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ പിറന്ന ഇരട്ട പെണ്‍കുട്ടികളെ മെതാന്ത ആശുപത്രിയില്‍ അതിസൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ വേര്‍പ്പെടുത്തി. ഉദരഭാഗം ഒട്ടിച്ചേര്‍ന്ന, രണ്ട് മാസം പ്രായമുള്ള സബൂറയേയും സഫൂറയേയും ആശുപത്രിയിലെ കരള്‍ രോഗ വിദഗ്ധരാണ് വേര്‍പെടുത്തിയത്. ലിവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും ചീഫ് ലിവര്‍ സര്‍ജനുമായ എ എസ് സോനിയുടെ നേതൃത്വത്തില്‍ നാല്‍പതോളം ഡോക്ടര്‍മാരുടെ സംഘമാണ് സബൂറയേയും സഫൂറയേയും വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയത്.
‘ഇരട്ടകളുടെ ഏക കരളിന്റെ ഘടനയും അവസ്ഥയും സംബന്ധിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. രണ്ട് മനുഷ്യര്‍ പങ്കിടുന്ന ഒറ്റ കരള്‍ വിഭജിച്ചെടുക്കാന്‍ നിയതമായ സാങ്കേതിക വിദ്യയൊന്നുമില്ല. പൂര്‍ണ ആരോഗ്യത്തോടെയും സന്തോഷവതികളുമായി കഴിയുന്ന ഇരട്ടകളെ അപായമേതുമില്ലാതെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയെടുക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. രണ്ട്‌പേര്‍ക്ക് പൊതുവായുള്ള ഏക അവയവം വേര്‍പ്പെടുത്തുമ്പോള്‍ നിലക്കാത്ത രക്തസ്രാവമുണ്ടാകാമെന്നതും, ഒരു കുട്ടിയിലോ അതല്ല രണ്ട് പേരിലുമോ കരളിന്റെ പ്രവര്‍ത്തനം മതിയാം വിധത്തിലല്ലെങ്കിലോ സ്ഥിതി അപകടകരമാണ് ‘ -ഡോ. സോയിന്‍ വിശദീകരിച്ചു.
‘ശസ്ത്രക്രിയക്ക് മുമ്പും ശേഷവും കുട്ടികളുടെ പരിചരണം പീഡിയാട്രിക് ഗാസ്‌ട്രോ എന്‍ട്രോളജി, ഹെപ്‌തോളജി ഡയറക്ടറും കരള്‍ മാറ്റിവെക്കല്‍ വിദഗ്ധയുമായ നീലം മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു. കുട്ടികളുടെ രക്തപരിശോധന, എക്‌സ് റേ, സ്‌കാനിംഗ് എന്നിവയെല്ലാം സങ്കീര്‍ണമായിരുന്നു. രണ്ടായി പകുത്തെടുക്കുന്ന കരളിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെതന്നെ പ്രധാനമായിരുന്നു രണ്ട് കുട്ടികളുടേയും ഹൃദയങ്ങളെ താളം തെറ്റാതെ പരിരക്ഷിക്കല്‍. ശ്വാസകോശത്തിന്റെയും കുടലിന്റെയും കാര്യത്തിലും ശ്രദ്ധിക്കേണ്ടിയിരുന്നു. എല്ലാം സുഗമമായി നടന്നു’ -ശസ്ത്രക്രിയക്ക് ശേഷം ഡോ. നീലം മോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. ഖസാഞ്ചിയുടെ നേതൃത്വത്തിലുള്ള പ്ലാസ്റ്റിക് സര്‍ജറി സംഘം രണ്ട് കുട്ടികളുടെയും ഉദരം പുനഃസൃഷ്ടിച്ചു. ശസ്ത്രക്രിയയുടെ മുറിവുകളോ അടയാളങ്ങളോ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധമാക്കി മാറ്റിയിട്ടുണ്ട്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്കും പരിചരണത്തിനും ശേഷം സബൂറയും സഫൂറയും സുഖംപ്രാപിച്ച് വരുന്നു.