ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ വാറണ്ടി സര്‍വീസ് നിര്‍ത്തലാക്കുന്നു

Posted on: November 28, 2014 12:07 am | Last updated: November 27, 2014 at 11:07 pm

കാസര്‍കോട്: ഓണ്‍ലൈന്‍ മുഖേന പര്‍ച്ചേസ് ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് വാറണ്ടി സര്‍വീസ് നിര്‍ത്തിവെക്കാന്‍ മൊബൈല്‍ ഡിലേര്‍സ് അസോസിയേഷനും സര്‍വീസ് സെന്റര്‍ ഉടമകളും സംയുക്തമായി തീരുമാനിച്ചു. കോടിക്കണക്കിന് രൂപയാണ് കേരളാ സര്‍ക്കാരിന് ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി നഷ്ടമാവുന്നത്.
സര്‍വീസ് ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ഡിസ്ട്രിബ്യൂട്ടര്‍ വഴി മൊബൈല്‍ വ്യാപാരികളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറണ്ടി സര്‍വീസ് നല്‍കാനും തീരുമാനമായി.
ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തിവെക്കാന്‍ വേണ്ടി കേരള മുഖ്യമന്ത്രിക്ക് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്ത് വെച്ച് നിവേദനം നല്‍കാനും തീരുമാനിച്ചു.
ഓണ്‍ലൈന്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകപന സമിതി നടത്തുന്ന തൊഴില്‍ സംരക്ഷണ ജാഥയിലും നിയമസഭാ മാര്‍ച്ചിലും പരമാവധി മൊബൈല്‍ വ്യാപാരികളെ പങ്കെടുപ്പിക്കാനും തീരുമാനമായി. യോഗത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ജില്ലാ വ്യാപാരഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മേഖല പ്രസിഡന്റ് അബ്ദുറഹ്മാന്‍ ചൗക്കിയുടെ അധ്യക്ഷതയില്‍ കെ വി വി എസ് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. എം ഡി എ ജില്ലാ പ്രസിഡന്റ് അശ്‌റഫ് നാല്‍ത്തട്ക്ക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിശ്വനാഥന്‍ ബദിയടുക്കയെ അഭിനന്ദിച്ചു. മേഖലാ ജന.സെക്രട്ടറി ഹനീഫ് സെല്‍കിംഗ് സ്വാഗതവും ട്രഷറര്‍ ഉല്ലാസ് ബോവിക്കാനം നന്ദിയും പറഞ്ഞു.