Connect with us

Kasargod

ഹൊസ്ദുര്‍ഗ് ഹൈസ്‌കൂളില്‍ ജനകീയ കൂട്ടായ്മ ഒരുക്കുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി അഭിലാഷിനെ(15) ഇതേ സ്‌കൂളിലെ 16, 17 വയസ്സ് പ്രായമുള്ള സഹപാഠികള്‍ കുശാല്‍നഗര്‍ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കുഴിയില്‍ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ ഈ സ്‌കൂളിന്റെ മുഖംമിനുക്കാന്‍ ജനകീയ കൂട്ടായ്മ ഒരുക്കുന്നു.
അഭിലാഷിന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് ഈ സ്‌കൂളോ അധ്യാപകരോ വിദ്യാര്‍ഥികളോ മുക്തരായിട്ടില്ല. സ്‌കൂളില്‍ അച്ചടക്കകാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അഭിലാഷിന്റെ മരണത്തോട് കൂടി സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂളില്‍ നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കാനും അധ്യയനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിക്കാന്‍ പി ടി എ കമ്മിറ്റിയും സ്‌കൂള്‍ അധികൃതരും തീരുമാനിച്ചു.
സ്‌കൂളിന്റെ സമഗ്ര പുരോഗതിക്കായി കാഞ്ഞങ്ങാട്ടെ സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക-മത സംഘടനകളുടെ കൂട്ടായ്മയിലൂടെയാണ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ പൊതുപ്രവര്‍ത്തകരുടെ ശ്രദ്ധയും സാന്നിധ്യവും സ്‌കൂളിനു ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സ്‌കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്താന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. രണ്ടുവര്‍ഷം മുമ്പ് സ്‌കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളും മറ്റും തകര്‍ത്ത് കോമ്പസ് കൊണ്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പലതും എഴുതിവെച്ച സംഭവവും നടന്നിരുന്നു. സ്‌കൂളിലെ അച്ചടക്ക രാഹിത്യത്തിന്റെ ഉദാഹരണമായി ഇതിനെ അന്ന് വിലയിരുത്തിയിരുന്നു. പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരണയോഗം ഇന്നുച്ചക്ക് മൂന്നുമണിക്ക് സ്‌കൂള്‍ ഹാളില്‍ ചേരുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പളും പി ടി എ പ്രസിഡന്റും അഭ്യര്‍ഥിച്ചു.