Connect with us

International

ഫലസ്തീനികളെ നിരീക്ഷിക്കാന്‍ ഇസ്‌റാഈലിന്റെ ചാര ബലൂണുകളും

Published

|

Last Updated

ജറൂസലം: ഫലസ്തീനികളെ നിരീക്ഷിക്കാന്‍ ജറൂസലമിന് മുകളില്‍ ഇസ്‌റാഈല്‍ ചാരബലൂണ്‍ വിന്യസിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ജറൂസലമിലെയും സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മറ്റു പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ ഇസ്‌റാഈല്‍ പോലീസ് ഇതുവഴി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബലൂണില്‍ ഘടിപ്പിച്ച രഹസ്യക്യാമറകള്‍ വഴിയാണ് ഇസ്‌റാഈല്‍ ചാരപ്രവര്‍ത്തനം നടത്തുന്നത്. ഇവയില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന വിവരം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഫലസ്തീനികള്‍ പോക്കുവരവുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ഇപ്പോള്‍ ഇസ്‌റാഈല്‍ രഹസ്യമായി നിരീക്ഷിച്ചകൊണ്ടിരിക്കുകയാണെന്ന് ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടുന്നു.
72 മണിക്കൂര്‍ വരെ ഈ ചാര ബലൂണുകള്‍ക്ക് ആകാശത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഇതിലെ ക്യാമറകള്‍ അതിസൂക്ഷ്മമായി ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആകാശത്തു നിന്ന് ലഭിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് ഫലസ്തീനിയെയും നിരീക്ഷിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.
50 ദിവസം നീണ്ടുനിന്ന ഗാസ ആക്രമണത്തിനിടെയും ഇസ്‌റാഈല്‍ ഹീലിയം നിറച്ച ഈ ബലൂണുകള്‍ രംഗത്തിറക്കിയിരുന്നു. ഇതിന് മുമ്പും ഇതുപോലുള്ള നിരവധി ഉപകരണങ്ങള്‍ വഴി ചാരപ്രവര്‍ത്തനം നടത്തിയതായി ഇസ്‌റാഈല്‍ അധികൃതര്‍ സമ്മതിക്കുന്നു.
ജറൂസലമിന് പുറമെ, ചാരബലൂണ്‍ എന്ന സംവിധാനം അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, കാനഡ,റഷ്യ, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്ട്. കഴിഞ്ഞ് ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിച്ച ബ്രസീലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതായി ബലൂണ്‍ നിര്‍മാണ കമ്പനി അവകാശപ്പെടുന്നു.