Connect with us

Sports

അപകടം പഠിക്കുമെന്ന് ഹെല്‍മറ്റ് കമ്പനി

Published

|

Last Updated

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ നടുക്കിയ ഫിലിപ് ഹ്യൂസിന്റെ ദാരുണാന്ത്യം ഹെല്‍മറ്റ് നിര്‍മാതാക്കളായ മസൂറിയെയും വെട്ടിലാക്കുന്നു. ഗ്രൗണ്ടില്‍ അപകടം സംഭവിക്കുമ്പോള്‍ ഹ്യൂസ് ധരിച്ചിരുന്നത് മസൂറി കമ്പനിയുടെ ഹെല്‍മറ്റായിരുന്നു. ഹ്യൂസിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ വേദനയില്‍ പങ്കു ചേരുന്നുവെന്ന് അറിയിച്ച മസൂറി അപകട കാരണം സാങ്കേതികമായി വിലയിരുത്താന്‍ നീക്കം തുടങ്ങി.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങളുടെ വക്താവ് നടത്തിയ വിവാദപരാമര്‍ശം തള്ളിക്കൊണ്ട് കമ്പനി വാര്‍ത്താകുറിപ്പ് ഇറക്കി.
മസൂറിയുടെ പുതിയ മോഡല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഹ്യൂസിന് അപകടം പിണയുമായിരുന്നില്ലെന്നായിരുന്നു ആ പരാമര്‍ശം. ഹ്യൂസ് ധരിച്ചിരുന്നത് മസൂറിയുടെ മുന്‍ മോഡല്‍ ഹെല്‍മറ്റായിരുന്നു. ഇതിന് തലയുടെ പിറക് വശം മുഴുവനായും സംരക്ഷിക്കുന്ന വിധം കവചമില്ല.
ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴുത്ത് എളുപ്പം തിരിക്കാനും മറ്റും സഹായകമാകുന്ന ഹെല്‍മറ്റാണിത്. എന്നാല്‍, മസൂറിയുടെ വിഷ്യന്‍ സീരീസ് മോഡല്‍ ഹെല്‍മറ്റുകള്‍ പൂര്‍ണ കവചത്തോടു കൂടിയതാണ്.
1970 ല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡെനിസ് അമിസാണ് സുരക്ഷിത കവചങ്ങളോട് കൂടിയ ഹെല്‍മറ്റ് ആദ്യം ധരിച്ചത്. മോട്ടോര്‍ സൈക്കിള്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം സുരക്ഷിതമായിരുന്നു ആ ഹെല്‍മറ്റ്. എന്നാല്‍, ഇന്നിറങ്ങുന്ന പല ഹെല്‍മറ്റുകളും അത്ര കണ്ട് സുരക്ഷിതമല്ലെന്ന് അമിസ് പറയുന്നു.

Latest