Connect with us

Wayanad

ജൈവ വൈവിധ്യ സംരക്ഷണത്തിന് യത്‌നിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published

|

Last Updated

കല്‍പ്പറ്റ: പ്രകൃതി നമുക്ക് നല്‍കിയ ജൈവ വൈവിധ്യം വരുംതലമുറയ്ക്ക് കൈമാറുന്നതില്‍ ഓരോരുത്തരും കണ്ണികളാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് പറഞ്ഞു.സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ്, സീഡ്‌കെയര്‍, വയനാട് ആദിവാസി വികസന സമിതി, എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ സംരക്ഷണവും കര്‍ഷകരുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന പഞ്ചായത്തുതല സംവാദ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റികളുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും ശക്തമാക്കണം.പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമനെപോലുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിത്തിനങ്ങളും പാരമ്പര്യ വിത്തിനങ്ങള്‍ സംരക്ഷിക്കുന്നവരുടെ അവകാശങ്ങളും സംരക്ഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍.വി.ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ജൈവ വൈവിധ്യത്തിന്മേലുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററുകളുടെ പങ്ക് എന്ന വിഷയം എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ സയന്റിസ്റ്റ് ശിവന്‍, ബി.എം.സി.കളും ജൈവ വൈവിധ്യ രജിസ്റ്ററുകളുടെ പരിപാലനവും എന്ന വിഷയം ജൈവ വൈവിധ്യ പരിപാലന സമിതി ജില്ലാ കോര്‍ഡിനേറ്റര്‍ അജയന്‍ എന്നിവര്‍ അവതരിപ്പിച്ചു. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ സീനിയര്‍ സയിന്റിസ്റ്റ് പ്രജീഷ് പരമേശ്വരന്റെ “വിത്തും ഹൈക്കോര്‍ട്ടും” എന്ന പുസ്തകം ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗഗാറിന് നല്‍കി പ്രകാശനം ചെയ്തു.
പാരമ്പര്യ കര്‍ഷകന്‍ ചെറുവയല്‍ രാമന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരിതോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ദേവകി, സീഡ്‌കെയര്‍ പ്രസിഡന്റ് ബിച്ചാരത്ത് കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

Latest