മലപ്പുറം ജില്ലയില്‍ പക്ഷിപ്പനിയില്ല

Posted on: November 27, 2014 9:40 am | Last updated: November 27, 2014 at 9:40 am

മലപ്പുറം: പക്ഷിപ്പനി രോഗം ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. തിരുനാവായയില്‍ ദേശാടന പക്ഷി ചത്തത് പക്ഷിപനിയെ തുടര്‍ന്നല്ല. പക്ഷിയെ പാലക്കാട് വെറ്ററിനറി ലാബില്‍ പരിശോധിച്ചെങ്കിലും രോഗാണുസാന്നിധ്യം കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പക്ഷിപനി സ്ഥിരീകരിച്ചതോടെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഡി എം ഒ. വി ഉമ്മര്‍ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ദേശാടനപക്ഷികള്‍ എത്തുന്ന കടലുണ്ടി, തിരുനാവായ, പൊന്നാനി, മാറഞ്ചേരി ഭാഗങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ഭാഗങ്ങളില്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനവും നടത്തും. രോഗപ്രതിരോധത്തിനാശ്യമായ ഓസാള്‍ട്ടാമിവിര്‍ ഗുളിക നല്‍കുന്നതിനും വ്യക്തിഗത സുരക്ഷാ സജ്ജീകരണങ്ങളായ കൈയ്യുറ, മാസ്‌ക് എന്നിവയ്ക്കും സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും കോഴികളെയും താറാവുകളെയും കൊണ്ട് വരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലാ പ്രോഗ്രം ഓഫീസര്‍മാരായ ഡോ. ആര്‍ രേണുക, ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, ഡോ. പി എം ജോതി, എം വേലായുധന്‍, ഡോ. വി വിനോദ്, ടി.എം ഗോപാലന്‍, കെ.പി സാദിഖ് അലി സംസാരിച്ചു.