Connect with us

Kozhikode

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പന്തിരിക്കരയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി

Published

|

Last Updated

പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പന്തിരിക്കരയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സ്‌റ്റേഷന്‍ സുരക്ഷിത ഭാഗമെന്ന നിലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പെരുവണ്ണാമൂഴിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പന്തിരിക്കരയിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള പോലീസ് സ്റ്റേഷന്‍ കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്നാണ് മാറ്റത്തിന്റെ പേരിലുള്ള ഔദ്യോഗിക വിശദീകരണം. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന കാര്യം പോലീസ് നിഷേധിക്കുന്നുമില്ല.
വയനാടന്‍ മലനിരകളിലും വിലങ്ങാട്ടും നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പാക്കുകയും തണ്ടര്‍ ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും കരുതുന്നുണ്ട്. വയനാടന്‍ മലനിരകളില്‍ നിന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഏരിയയില്‍ പ്രവേശിക്കാന്‍ മാര്‍ഗമുണ്ടെന്ന വിലയിരുത്തലുകളും കൂടി വന്ന സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്ക് പോലീസ് സേന തയ്യാറെടുക്കുന്നതെന്നാണ് വിവരം. പോലീസ് സ്‌റ്റേഷന്‍ മാറ്റുന്നതിന് ഉന്നത പോലീസുദ്യോഗസ്ഥര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ചക്കിട്ടപാറ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലത്തുനിന്ന് ഇപ്പോള്‍ ചങ്ങരോത്ത് പഞ്ചായത്തിലേക്കാണ് സ്‌റ്റേഷന്‍ മാറ്റുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നക്‌സലൈറ്റുകള്‍ ആക്രമിച്ച കായണ്ണ പോലീസ് സ്‌റ്റേഷന്‍ സമീപ പഞ്ചായത്തായ കൂരാച്ചുണ്ടിലാണ്.
വന്‍ സുരക്ഷ നല്‍കേണ്ട പെരുവണ്ണാമൂഴി ഡാം സൈറ്റിനടുത്തായി പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന്‍ ഏറെയകലേക്ക് മാറ്റുന്നത് ഉചിതമല്ലെന്ന് അഭിപ്രാമുയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് വിലങ്ങാട്ട് വാഹനം തകര്‍ക്കുകയും ഇവിടെ നിന്ന് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം പേരാമ്പ്ര ചെറുവണ്ണൂരിലും പരിസരത്തും മാവോയിസ്റ്റ് ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയുമുണ്ടായി. ഇത്തരം സാഹചര്യം നിലനില്‍ക്കുന്ന അവസ്ഥയിലാണ് മൂഴി സ്‌റ്റേഷന്‍ പ്രവര്‍ത്തനം മാറ്റാന്‍ അടിയന്തര നടപടികളുണ്ടായിരിക്കുന്നത്.