ഇന്ത്യാ-പാക് ചര്‍ച്ചയില്ല; കണ്ടിട്ടും മിണ്ടാതെ മോദിയും ശരീഫും

Posted on: November 27, 2014 4:52 am | Last updated: November 27, 2014 at 8:55 am

shareef modiകാഠ്മണ്ഡു: സാര്‍ക് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നില്ല. ഇരുവരുടെയും സാന്നിധ്യവും പ്രകടനങ്ങളും മാധ്യമങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മൂന്ന് മണിക്കൂര്‍ നേരത്തെ സമ്മേളനത്തിനിടയില്‍ ഉപചാരങ്ങളൊന്നും കൈമാറിയില്ലെന്ന് മാത്രമല്ല, രണ്ട് പേരും പരസ്പരം നോക്കുക പോലും ചെയ്തില്ല. മാലദ്വീപ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് മോദിക്കും ശരീഫിനും ഇടയിലായി വേദിയില്‍ ഇരുന്നത്. മോദിയും ശരീഫും തമ്മില്‍ നേരത്തെ ചര്‍ച്ചകളൊന്നും തീരുമാനിച്ചിരുന്നില്ലെങ്കിലും അനൗദ്യോഗിക കൂടിയാലോചനകള്‍ക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. ഇതാണ് നടക്കാതെ പോയത്. ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ മൂലമാണ് ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകള്‍ നടക്കാതെ പോയതെന്ന് കഴിഞ്ഞ ദിവസം നവാസ് ശരീഫ് കുറ്റപ്പെടുത്തിയിരുന്നു. പന്ത് ഇന്ത്യയുടെ കോര്‍ട്ടിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നാണ് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ഇതിന് പ്രതികറണമായി പറഞ്ഞത്. അര്‍ഥവത്തായ ചര്‍ച്ചയെന്നാല്‍ നയതന്ത്രത്തിലും അത് പ്രതിഫലിക്കണം. അര്‍ഥവത്തായ ചര്‍ച്ച എന്നത് കൊണ്ട് തങ്ങള്‍ ഉദ്ദേശിച്ചത് എന്താണെന്ന് പാക്കിസ്ഥാനറിയാമെന്ന് അക്ബറുദ്ദീന്‍ പറഞ്ഞു.
അതേസമയം, പാക്കിസ്ഥാന്റെ നിലപാട് മൂലം സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള സുപ്രധാനമായ മൂന്ന് കരാറുകള്‍ ഒപ്പുവെക്കാനായില്ല. ഇന്ത്യ മുന്‍കൈയെടുത്ത മോട്ടോര്‍ വാഹന കരാര്‍ അടക്കമുള്ള കരാറുകളാണ് ആഭ്യന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ എതിര്‍ത്തത്.
സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള കൂടുതല്‍ ഊഷ്മളമായ ബന്ധങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടാകുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നായിരുന്നു മോദിയുടെ നിരീക്ഷണം. അതിനാല്‍ തന്നെ റോഡ്‌റെയില്‍ മാര്‍ഗം വഴിയുള്ള ബന്ധം സുപ്രധാനമാണെന്നും മോദി ചൂണ്ടിക്കാട്ടി. തീവ്രവാദത്തെ എതിരിടാനുള്ള പ്രതിബദ്ധത എല്ലാ സാര്‍ക് രാജ്യങ്ങളും നിറവേറ്റണമെന്ന് നരേന്ദ്ര മോദി പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ തീവ്രവാദത്തെ കുറിച്ച് നവാസ് ശരീഫ് തന്റെ പ്രസംഗത്തില്‍ ഒന്നും പറഞ്ഞില്ല. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തുടങ്ങിയവര്‍ പ്രസംഗത്തിലുടനീളം തീവ്രവാദത്തെ കുറിച്ച് പറയുകയുണ്ടായി. തീവ്രവാദം പ്രാദേശികവും അന്താരാഷ്ട്രവുമായ ഭീഷണിയാണെന്ന് രജപക്‌സെ പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി പ്രസംഗിച്ചത്.