ജനപക്ഷ യാത്രക്ക് കോട്ടയത്ത് എക്‌സൈസ് സി ഐയുടെ നേതൃത്വത്തില്‍ പിരിവ്

Posted on: November 27, 2014 4:46 am | Last updated: November 26, 2014 at 11:47 pm

VM-SUDHEERAN-308x192കോട്ടയം: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് കോട്ടയം ജില്ലയില്‍ പണപ്പിരിവ് നടത്തുന്നത് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലെന്ന് ആക്ഷേപം.
കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് പണം പിരിച്ചു നല്‍കിയതിന്റെ വിശദാംശങ്ങള്‍ ചാനല്‍ വാര്‍ത്താ സംഘം നടത്തിയ ഒളി ക്യാമറയില്‍ ചങ്ങനാശ്ശേരി എക്‌സൈസ് സി ഐ ജയകൃഷ്ണന്‍ വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളെന്ന് പരിചയപ്പെടുത്തി എക്‌സൈസ് ഓഫീസിലെത്തിയ വാര്‍ത്താ സംഘം ചങ്ങനാശ്ശേരിയില്‍ ബൈക്ക് റാലി നടത്തുന്നതിന് സി ഐയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ കള്ള് ഷാപ്പ് ഉടമകളില്‍ നിന്ന് നേരത്തെ തന്നെ പണം പിരിച്ച് നല്‍കിയതായി സി ഐ വ്യക്തമാക്കി. പിരിക്കുന്ന തുകയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ കള്ള് ഷാപ്പ് ഉടമയെ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡി സി സി പ്രസിഡന്റുമായി സംസാരിപ്പിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതായും സി ഐ പറഞ്ഞു.
75,000 രൂപ പിരിച്ചുനല്‍കണമെന്നത് 25,000 രൂപയാണെന്ന് കള്ള് ഷാപ്പുടമകള്‍ ധരിച്ചതാണ് തുക സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പിന്നീട് ആവശ്യപ്പെട്ട തുക മുഴുവന്‍ നല്‍കിയതായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇതിനിടെ ചങ്ങനാശ്ശേരിയിലെ കള്ള് ഷാപ്പ് ഉടമയെ ഫോണില്‍ വിളിച്ച് ചാനല്‍ സംഘത്തോട് കെ പി സി സി ഭാരവാഹിയുടെ പക്കല്‍ ജനപക്ഷയാത്രയുടെ പ്രചാരണാര്‍ഥം പണം കൈമാറിയത് സംബന്ധിച്ചും ഷാപ്പുടമ വിവരങ്ങള്‍ വെളിപ്പെടുത്തി.
എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തെത്തി. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും തനിക്കുമെതിരെ ഉണ്ടായ അഴിമതി ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ടോമി കല്ലാനി പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ മുതലാളിമാരും കള്ളുഷാപ്പ് മുതലാളിമാരും ചേര്‍ന്ന് നടത്തിയ നീക്കമാണെന്ന് സംശയിക്കുന്നു. ഡി സി സിക്ക് വേണ്ടി പണം പിരിക്കാന്‍ താന്‍ കോട്ടയം ജില്ലയില്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. 30 വര്‍ഷമായി സുധീരനുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന തന്നെ അപമാനിക്കാന്‍ ആരോ കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണിത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശപ്രകാരം പണം പിരിച്ചുനല്‍കാന്‍ തയാറായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ല. ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്ന് എക്‌സൈസ് മന്ത്രി കെ ബാബുവിനോട് ആവശ്യപ്പെടുമെന്നും ടോമി കല്ലാനി പറഞ്ഞു.