കടുവയെ തുറന്നുവിട്ടത് പുടിന്‍; വിശപ്പ് തീര്‍ത്തത് ഗ്രാമീണരുടെ ആടുകളെ തിന്ന്

Posted on: November 27, 2014 5:23 am | Last updated: November 26, 2014 at 10:23 pm

putinബീജിംഗ്: റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്‍ കാട്ടിലേക്ക് തുറന്നുവിട്ട സൈബീരിയന്‍ കടുവ ഗ്രാമീണരുടെ 15 ആടുകളെ ശാപ്പിട്ടു. ചൈനയിലെ ഹൈലോന്‍ജാംഗ് പ്രവിശ്യയിലാണ് സംഭവം. മൂന്ന് കടുവകളെയാണ് ഉള്‍പ്രദേശമായ ആമൂര്‍ പ്രവിശ്യയില്‍ വെച്ച് പുടിന്‍ കാട്ടിലേക്ക് തുറന്നുവിട്ടിരുന്നത്. ഇതില്‍ രണ്ടെണ്ണം ചൈനയിലേക്ക് കടക്കുകയായിരുന്നു. കാല്‍പാദങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പുടിന്‍ തുറന്നുവിട്ട കടുവ തന്നെയാണ് ഇതെന്ന് വന്യജീവി സംരക്ഷണ വിഭാഗം പറഞ്ഞു. ഇവകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘം വ്യക്തമാക്കി.
തുറന്നുവിട്ട കടുവക്ക് ഉസ്റ്റിന്‍ എന്നാണ് പേര് നല്‍കിയിരുന്നത്. ഇത് ചൈനയിലെ ഫൂയൂനിലെത്തി ആടുകളുടെ ഫാമില്‍ കയറിയാണ് പതിനഞ്ചെണ്ണത്തിനെ വകവരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട ആടുകളുടെ തലയോട്ടികള്‍ കടുവയുടെ ശക്തമായ പ്രഹരമേറ്റ് തകര്‍ന്നിട്ടുണ്ടെന്നും വന്യജീവി സംരക്ഷണ വിഭാഗം ചൂണ്ടിക്കാട്ടി. മറ്റൊരു കടുവ മറ്റൊരു ഫാമില്‍ കയറി അഞ്ച് കോഴികളെയും അകത്താക്കി.