Connect with us

International

ഇസ്‌റാഈലിന്റെ ബസ് ഇടിച്ചു കയറി: ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ജറൂസലം: ഇസ്‌റാഈല്‍ ബസ് ഫലസ്തീനികള്‍ക്ക് നേരെ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ്ബാങ്കിലാണ് സംഭവം. ബസിന്റെ നമ്പര്‍ പ്ലേറ്റ് ഇസ്‌റാഈലിന്റെതാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിന്റെയും ഫലസ്തീനിന്റെയും ഇടയിലെ ഗ്രീന്‍ലൈന്‍ എന്നറിയപ്പെടുന്ന പ്രദേശത്തെ ബാര്‍ത്താ ഗ്രാമത്തിലാണ് സംഭവം. നൂര്‍ ഹസന്‍ സലീം(21)ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് തങ്ങളുടെ നേരെ വന്ന് ഇടിക്കുകയായിരുന്നുവെന്ന് സംഭവത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ശഹീര്‍ ബല്‍ ആലം പറഞ്ഞു. മനഃപൂര്‍വമുള്ള ആക്രമണമാണ് ഇതെന്ന് ഫലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു.
ബാര്‍ത്താ ഗ്രാമത്തിലെ ഫല്‌സ്തീനികള്‍ക്ക് നേരെ ജൂത കുടിയേറ്റക്കാര്‍ പലപ്പോഴും ആക്രമണം അഴിച്ചുവിടാറുണ്ട്. ഇവിടെയുള്ള ഫലസ്തീനികള്‍ക്ക് മേല്‍ നിരവധി നിയന്ത്രണങ്ങളാണ് ഇസ്‌റാഈല്‍ ചുമത്തിയിരിക്കുന്നത്. ഈ നടപടിയെ നേരത്തെ ഐക്യരാഷ്ട്ര സഭ ശക്തമായി വിമര്‍ശിച്ചിരുന്നു. നിരവധി തവണ ഇവിടുത്തെ ഫലസ്തീനികള്‍ ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്നും യു എന്‍ ചൂണ്ടിക്കാട്ടിയിരുന്നു.