യു എസിലേക്കും യൂറോപ്പിലേക്കും എമിറേറ്റ്‌സ് ടിക്കറ്റ് നിരക്കില്‍ ഇളവ്

Posted on: November 26, 2014 10:18 pm | Last updated: November 26, 2014 at 10:18 pm

Emirates Delivery Dinner and Events 2014 rകോഴിക്കോട്: ഇന്ത്യയില്‍ നിന്ന് യു എസിലേക്കും യൂറോപ്പിലേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇളവ് പ്രഖ്യാപിച്ചു. ഡിസംബര്‍ 25 നും 2015 മാര്‍ച്ച് 31 നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി അടുത്ത മാസം നാലിനകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ 10 വിമാനത്താവളങ്ങളില്‍ നിന്ന് യു എസിലെ ഒന്‍പതും യൂറോപ്പിലെ മുപ്പത്തിയേഴും കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഇക്കോണമി, ബിസിനസ് ക്ലാസുകള്‍ക്ക് ഈ വിശേഷാല്‍ നിരക്ക് ബാധകമാണ്. ഫ്രാന്‍സിലേക്ക് 34,348രൂപ, യു കെയിലേക്ക് 40,860 രൂപ, യു എസിലേക്ക് 55,073 രൂപ എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ ഇക്കോണമി ക്ലാസ് നിരക്ക്. ഈ വര്‍ഷം യൂറോപ്പിലെ ബുഡാപസ്റ്റ്, ഓസ്‌ലോ, ബ്രസ്സല്‍സ് എന്നിവിടങ്ങളിലേക്കും യു എസ്സിലെ ചിക്കാഗോ, ഡള്ളാസ് എന്നിവിടങ്ങളിലേക്കും എമിറേറ്റ്‌സ് പുതുതായി സര്‍വീസ് ആരംഭിച്ചു. അടുത്താഴ്ച തന്നെ സാന്‍ഫ്രാന്‍സിസ്‌കൊ, ഹൂസ്റ്റണ്‍ എന്നീ കേന്ദ്രങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് എസ്സാ സുലൈമാന്‍ അഹ്മദ് പറഞ്ഞു.