ജനകീയപ്രശ്‌നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു

Posted on: November 26, 2014 12:13 pm | Last updated: November 26, 2014 at 12:13 pm

പാലക്കാട്: മന്ത്രി മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എ കെ ബാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മദ്യനയത്തിന്റെയും മദ്യക്കോഴയുടെയും വിഷയത്തില്‍ യു ഡി എഫിലും കോണ്‍ഗ്രസിലും കൂട്ടിയടി നടക്കുകയാണെന്നും അതുകൊണ്ടുതന്നെ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കേസുകളില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയും ടൈറ്റാനിയം, പാമോയില്‍, സലിംരാജ് വിഷയങ്ങളില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഇപ്പോഴും അധികാരത്തില്‍ തുടരുകയാണ്.
ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് കെ എം മാണിയെ പുറത്താക്കാന്‍ ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്നും. മന്ത്രി മാണി രാജിവെച്ച് ആന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ വി ചാമുണ്ണി അധ്യക്ഷതവഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ചവറ സരസന്‍, നൈസ്മാത്യ, പി ഉണ്ണി എന്നിവര്‍ സംസാരിച്ചു.
എം എല്‍എമാരായ എം ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍, മുന്‍ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി, വിജന്‍കുനിശ്ശേരി, ജബ്ബാറലി, ബാബുതോമസ്.
റസാക്ക് മൗലവി, ശിവപ്രകാശ്, ഗോപിനാഥ്, വി കെ വര്‍ഗീസ്, എന്നിവര്‍ നേതൃത്വം നല്‍കി.