National
സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് രണ്ട് പിഞ്ചുകുട്ടികള്‍ക്ക് ദാരുണാന്ത്യം
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബെംഗളൂരു| ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ സ്‌കൂള്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു. ഇന്ന് രാവിലെ പാല്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ നാഗനഗൗഡയുടെ വാഹനത്തില്‍ എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്കിലുണ്ടായിരുന്ന നാഗനഗൗഡയും രണ്ട് കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. കുട്ടികള്‍ ബസിന്റെ ടയറുകള്‍ക്ക് അടിയിലായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന നാഗനഗൗഡയ്ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ നാഗനഗൗഡയുടെ മകള്‍ വര്‍ഷ (2)യും സഹോദരന്റെ മകള്‍ ഭാനു (4)വുമാണ് മരിച്ചത്.
സംഭവത്തില്‍ സ്‌കൂള്‍ ബസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





