Connect with us

Wayanad

എടക്കല്‍ റോക് ഷെല്‍ട്ടറിന്റെ സംരക്ഷണം: അമ്പുകുത്തി മലയിലെ സ്വകാര്യഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്

Published

|

Last Updated

കല്‍പ്പറ്റ:നവീനശിലായുഗ സംസ്‌കൃതിയുടെ ശേഷിപ്പുകളില്‍ ഒന്നെന്ന നിലയില്‍ വിശ്വപ്രസിദ്ധി നേടിയ വയനാട്ടിലെ എടക്കല്‍ റോക് ഷെല്‍ട്ടറിന്റെ കാര്യക്ഷമമായ സംരക്ഷണത്തിനു അതു സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയിലെ മുഴുവന്‍ സ്വകാര്യഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. റോക് ഷെല്‍ട്ടറിനു ചുറ്റും 300 മീറ്റര്‍ 1972 ലെ പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ചട്ടങ്ങള്‍ പ്രകാരം സംരക്ഷിത പ്രദേശമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമെങ്കിലും കൂടുതല്‍ നടപടികള്‍ അനിവാര്യമാണെന്ന് സമിതി പ്രസിഡന്റ് എന്‍ ബാദുഷ പറഞ്ഞു.
രണ്ട് കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് റോക് ഷെല്‍ട്ടല്‍. 1894ല്‍ മലബാര്‍ പോലീസ് സൂപ്രണ്ടും നരവശശാസ്ത്രത്തില്‍ തത്പരനുമായിരുന്ന ഫോസറ്റാണ് റോക് ഷെല്‍ട്ടറിനെയും അതിലെ ചരിത്ര സമ്പന്നതയെക്കുറിച്ചുമുള്ള വിവരം ആദ്യമായി ബാഹ്യലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. ഷെല്‍ട്ടറിലെ ശിലാഭിത്തികളില്‍ ആള്‍രൂപങ്ങള്‍, മൃഗരൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചക്രങ്ങള്‍, വണ്ടികള്‍ എന്നിവയുടെ ചിത്രങ്ങളും കോറിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഹ്മി ലഖിതങ്ങളുള്ളതും നവീന ശിലായുഗ സംസ്‌കൃതിയുടെ പ്രൗഢി ഓളംതല്ലുന്ന എടകലിലെ ശിലാഭിത്തികളിലാണ്.
സംസ്ഥാന പുരാവസ്തുവകുപ്പ് 1984ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച എടകല്‍ റോക് ഷെല്‍ട്ടറിന് അനിയന്ത്രിത വിനോദസഞ്ചാരവും സമീപത്തെ സ്വകാര്യഭൂമിയിലെ നിര്‍മാണങ്ങളും ഏറെ അകലെയല്ലാതെയുള്ള കരിങ്കല്‍, മണല്‍ ഖനനവും ഭീഷണിയാണ്.1970ളുടെ അവസാനവും 80കളുടെ തുടക്കത്തിലും കരിങ്കല്‍ ഖനനത്തിനു കുപ്രസിദ്ധമായിരുന്നു എടകലിന്റെ പരിസരപ്രദേശങ്ങള്‍. പ്രകൃതി സംരക്ഷണ സമിതി നടത്തിയ പ്രക്ഷോഭങ്ങളും ഡോ. എം.ജി.എസ്.നാരായണന്‍, ഡോ.രാഘവവാര്യര്‍, ഡോ.രാജന്‍ ഗുരുക്കള്‍ തുടങ്ങിയ ചരിത്രകാര•ാരുടെ ശക്തമായ ഇടപെടലുമാണ് ഷെല്‍ട്ടറിന്റെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയ കരിങ്കല്‍ ഖനനത്തിനു തടയിട്ടത്. ഇതിനായി അക്കാലത്ത് നാഷണല്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അംഗമായിരുന്ന ഡോ.എം.ജി.എസ് നാരായണന്‍ വിഖ്യാത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനു നെഹ്‌റു കുടുംബവൂമായുള്ള ബന്ധം വരെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ബാദുഷ പറഞ്ഞു. സമിതി നൂറില്‍പരം ആളുകളില്‍നിന്നു പിരിവെടുത്താണ് സഞ്ചാരികള്‍ കടന്നുകയറി ശിലാലിഖിതങ്ങള്‍ വികൃതമാക്കുന്നത് ഒഴിവാക്കുന്നതിനു ഷെല്‍ട്ടറിലേക്കുള്ള പ്രധാന പാതയില്‍ ഗെയ്റ്റ് സ്ഥാപിച്ചത്. ഗെയ്റ്റ് താഴിട്ടുപൂട്ടിയ സമിതി താക്കോല്‍ ജില്ലാ കലക്ടറെയാണ് ഏല്‍പ്പിച്ചത്. ഈ താക്കോല്‍ പിന്നീട് എടകലിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കലക്ടര്‍ കൈമാറുകയായിരുന്നു.
പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചെങ്കിലും അമ്പുകുത്തി മലയില്‍ ഷെല്‍ട്ടറിനോടു ചേര്‍ന്നുള്ള സ്വകാര്യഭൂമിയില്‍ നിര്‍മാണങ്ങളും ഏറെ അകലെയല്ലാതെ റവന്യൂ ഭൂമികളില്‍ കരിങ്കല്‍ ഖനനവും തുടരുകയാണ്. ഇത് ഷെല്‍ട്ടറിന്റെ ഭദ്രതയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. “എടക്കലിലേത് യഥാര്‍ഥ ഗുഹയല്ല. കാലപ്രയാണത്തിനിടെ ഏപ്പോഴോ ഗൂഹപോലുള്ള ഭാഗം രൂപപ്പെടുന്നതിനു കാരണമായ പാറകളുടെ സ്ഥാനഭ്രംശത്തിനു സമീപപ്രദേശങ്ങളിലെ ഖനനങ്ങളും നിര്‍മാണങ്ങളും കാരണമാകും. പാറകളില്‍ ഒന്ന് സ്ഥാനം തെറ്റിയാല്‍ റോക് ഷെല്‍ട്ടറും അതിലെ ലിഖിതങ്ങളും കഥാവശേഷമാകും. സമീപപ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ തീര്‍ത്തും ഇല്ലാതാകുന്നതിനു അമ്പുകുത്തി മലയിലെ മുഴുവന്‍ സ്വകാര്യഭൂമികളും സര്‍ക്കാര്‍ ഉടമസ്ഥതയിലാകണം”-തോമസ് പറഞ്ഞു.ടൂറിസ്റ്റ് സീസണില്‍ സഞ്ചാരികളുടെ ഒഴുക്കാണ് എടകലിലേക്ക്. ഈ വര്‍ഷം ഇതിനകം ഏകദേശം നാല് ലക്ഷം സന്ദര്‍ശകരാണ് എടലില്‍ എത്തിയത്.
2006ല്‍ 1,09,578 മുതിര്‍ന്നവരും 25,022 കുട്ടികളുമാണ് റോക്‌ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചത്. 2012ല്‍ 3,05,471 മുതിര്‍ന്നവരും 39,271 കുട്ടികളും എടകലില്‍ എത്തി. ഇത്രയധികം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് അനുചിതമാണമെന്ന് സമിതി പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. “വിദഗ്ധ സംഘത്തെ ഉപയോഗപ്പെടുത്തി റോക് ഷെല്‍ട്ടറിന്റെ വാഹകശേഷി ശാസ്ത്രീയമായി പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം സന്ദര്‍ശകര്‍ക്ക് പ്രവേശനം” അവര്‍ നിര്‍ദേശിച്ചു.
എടക്കല്‍ റോക് ഷെല്‍ട്ടറിനു യുനെസ്‌കോയുടെ അന്തര്‍ദേശീയ പൈതൃകപദവി നേടിയെടുക്കുന്തിനുള്ള നീക്കങ്ങള്‍ പുരോഗതിയിലാണ്.അമ്പുകുത്തിമല പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാകുന്നത് ഈ നീക്കങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള യുനസ്‌കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് 2012ല്‍ ഷെല്‍ട്ടറിലേക്ക് 110 മീറ്റര്‍ നീളവും ശരാശരി ഒരു മീറ്റര്‍ വീതിയും 300 പടികളുമുള്ള സ്റ്റീല്‍ നടപ്പാത നിര്‍മിച്ചത്. സഞ്ചാരീ ബാഹുല്യം കണക്കിലെടുത്തായിരുന്നു ബദല്‍ നടപ്പാത നിര്‍മാണം. ബത്തേരി എം.എല്‍.എ. ചെയര്‍മാനും ഡി.ടി.പി.സി. സെക്രട്ടറി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലാണ് എടകലിലെ വിനോദസഞ്ചാരം നിയന്ത്രിക്കുന്നത്.

Latest