Connect with us

Wayanad

സ്‌റ്റോപ്പ് മെമ്മോ നല്‍കിയ കരിങ്കല്‍ ക്വാറിയില്‍ പരിശോധനക്കെത്തും മുമ്പേ അനധികൃത നിര്‍മാണം

Published

|

Last Updated

വെള്ളമുണ്ട: സ്‌റ്റോപ്പ് മെമ്മോ നല്‍കിയ കരിങ്കല്‍ ക്വാറിയില്‍ ജിയോളജി വിഭാഗം പരിശോധനക്കെത്തും മുമ്പെ അനധികൃത നിര്‍മാണം.
കോറോം ക്രഷറിനോട് ചേര്‍ന്ന ക്വാറിയിലാണ് ഇന്നലെ രാവിലെ മുതല്‍ അനധികൃത നിര്‍മാണം നടത്തിയത്. ക്വാറി ഭൂമിയില്‍ നിന്നും മണ്ണ് കുവിച്ചെടുത്ത് ചതുപ്പ് നിലങ്ങളില്‍ നിക്ഷേപിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ക്വാറിയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് തഹസില്‍ദാര്‍ മുഖേന രേഖാമൂലം നോട്ടീസ് നല്‍കിയത്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി റിപോര്‍ട്ട് നല്‍കിയതിന് ശേഷം മാത്രമെ പ്രവര്‍ത്തനനുമതി സംബന്ധിച്ച തീരുമാനമെടുക്കാവൂ എന്നായിരുന്നു കലക്ടര്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം ഇന്നലെ ഉച്ചയോടെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പായി നിരവധി തൊഴിലാലികളെ നിര്‍ത്തി ചതുപ്പുനിലങ്ങളിലെ മണ്ണുമാറ്റി കരിങ്കല്ല് കെട്ടുകയാണ് ഉടമ ചെയ്തത്.
ഇതുശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വില്ലേജ് ഓഫിസറെ വിവരമറിയിക്കുകയും വില്ലേജ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടും പണി നിര്‍ത്താത്തതിനെ തുടര്‍ന്ന് വെള്ളമുണ്ട പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് എത്തിയാണ് പണി തടഞ്ഞത്.
പരിശോധനക്കെത്തുന്ന ജിയോളജി വകുപ്പിനെ ക്വാറിയില്‍ നിന്നെടുക്കുന്ന മണ്ണ് ചതുപ്പ് നിലങ്ങളിലെത്തുന്നത് തടയാന്‍ കരിങ്കല്ല് കെട്ടിയെന്ന് ബോദ്ധ്യപ്പെടുത്താനാണ് ക്വാറി ഉടമ നിര്‍മാണം നടത്തിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Latest