അഴിമതി നിവാരണം: കണ്‍ട്രോള്‍ റൂം തുടങ്ങും

Posted on: November 26, 2014 10:15 am | Last updated: November 26, 2014 at 10:15 am

മലപ്പുറം: പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുടങ്ങാന്‍ ജില്ലാതല വിജിലന്‍സ് സമിതിയില്‍ തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഒരാഴ്ച്ചയ്ക്കകം പ്രവര്‍ത്തനമാരംഭിക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂമിനായി പ്രത്യേക മൊബൈല്‍ നമ്പറും നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊതുസേവകരുടെയും അഴിമതി സംബന്ധിച്ച പരാതികള്‍ ‘വാട്ട്‌സ്ആപ്’ വഴിയും നല്‍കാം. പൊതുജനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ, ചിത്രങ്ങളും ഈ നമ്പറിലേക്ക് നല്‍കാം. പരാതി പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കും.
മലപ്പുറം സഹകരണ ആശുപത്രിയില്‍ നിന്നും മലിനജലം ഒഴുക്കി വിടുന്ന സംഭവത്തില്‍ സ്ഥാപനത്തിനനുകൂലമായി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തെന്ന പരാതി അന്വേഷിക്കാന്‍ വിജിലന്‍സ് സമിതി ഉത്തരവിട്ടു. തിരൂര്‍ പുല്ലൂരില്‍ അനധികൃത ലഹരി വില്‍പനക്ക് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന പരാതിയിലും അന്വേഷണം നടത്തും. കെട്ടിട നിര്‍മാണ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചവര്‍ക്ക് പെര്‍മിറ്റ് നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോഡൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ അസി. കലക്ടറെയും എ ഡി എമ്മിനെയും ചുമതപ്പെടുത്തി. കാലിക്കറ്റ് യൂനിവേസിറ്റി ക്യാമ്പസ് ഗവ. എല്‍ പി സ്‌കൂളിലെ പ്രധാനധ്യാപികക്കെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വാങ്ങുന്നതിന് നടപടിക്രമം പാലിച്ചില്ലെന്നും പോഷകാഹാര വിതരണത്തിന് നടപടി സ്വീകരിച്ചില്ലെന്നുമാണ് അധ്യാപികക്കെതിരായ പരാതി.
പുറത്തൂര്‍ സ്‌കൂള്‍ പ്രധാനധ്യാപികക്കെതിരായ അഴിമതിയാരോപണത്തിലും നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ വികസന പദ്ധതികള്‍ക്ക് നല്‍കിയ തുക തട്ടിയെടുത്തെന്നാണ് പരാതി. സ്‌കോളര്‍ഷിപ്പ്, പഠന നിലവാരം മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് ഗ്രാമപഞ്ചായത്ത് സ്‌കൂളിന് തുക നല്‍കിയത്. എന്നാല്‍ ഇവ പ്രധാനധ്യാപിക സ്വന്തമാക്കിയെന്നും ഗുണഭോക്താക്കാള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
അസി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, എ ഡി എം. എം ടി ജോസഫ്, വിജിലന്‍സ് ഡി വൈ എസ് പി. കെ സലീം, ഡി വൈ എസ് പി. എന്‍ വി അബ്ദുല്‍ ഖാദിര്‍, വിജിലന്‍സ് സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വകുപ്പുമേധാവികള്‍ പങ്കെടുക്കണം.: ജില്ലാതല വിജിലന്‍സ് – മോണിറ്ററിംഗ് യോഗത്തില്‍ വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.