നഗരസഭ മാരാമത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് അനന്തമായി നീളുന്നു

Posted on: November 26, 2014 10:13 am | Last updated: November 26, 2014 at 10:13 am

കോട്ടക്കല്‍: നഗരസഭയിലെ മരാമത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ഇനിയും നടന്നില്ല. കഴിഞ്ഞ മാസം ചെയര്‍മാന്‍ കെ കെ നാസര്‍ രാജിവെച്ച ഒഴിവിലേക്കുള്ള അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികളാണ് അനന്തമായി നീളുന്നത്.
ലീഗിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 29നാണ് നാസര്‍ രാജി വെച്ചത്. പകരം മുന്‍ ചെയര്‍പേഴ്‌സന്‍ ബുശ്‌റ ശബീറിനെ ലീഗ് നേതൃത്വം കണ്ടെത്തിയിരുന്നു. പക്ഷേ, ഇതിനെതിരെ ലീഗ് കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ള ഒരു സംഘം രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതായത്. കാലങ്ങളായി മുനിസിപ്പല്‍ ലീഗിനകത്ത് നിലനില്‍ക്കുന്ന പ്രശ്‌നം ഭരണത്തിലും പ്രതിഫലിച്ചു തുടങ്ങിയതോടെയാണ് മരാമത്ത് ചെയര്‍മാന്‍ രാജി വെക്കേണ്ടിവന്നത്.
ലീഗ് നേതൃത്വം മാനദണ്ഡങ്ങള്‍ മറികടന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആളെ കണ്ടെത്തിയതാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ലീഗ് യോഗം വിളിച്ചിരുന്നു. ഇതിലും സമവായം ഉണ്ടാക്കാനായിട്ടില്ലെന്നാണ് അറിയുന്നത്. ഇതാണ് തിരഞ്ഞെടുപ്പ് നീളാനിടയാക്കുന്നത്.
നിലവില്‍ വികസന കമ്മിറ്റിയിലെ അംഗമാണ് ബുശ്‌റ ശബീര്‍. മരാമത്ത് കമ്മിറ്റിയില്‍ തന്നെ ആളുണ്ടായിരിക്കെ ഇവരെ തഴഞ്ഞ് വികസന കമ്മിറ്റി അംഗത്തെ അധികാരം ഏല്‍പ്പിക്കുന്നത് പൊറുപ്പിക്കാനാവില്ലെന്നാണ് അംഗങ്ങളുടെ നിലപാട്. ബുശ്‌റയെ മത്സരപ്പിച്ചാല്‍ ലീഗ് അംഗങ്ങള്‍ തന്നെ രംഗത്തെത്തുമെന്നതും പ്രശ്‌നം നീണ്ടുപോകുന്നതിന് ഇടയാക്കി. തിരഞ്ഞെടുപ്പ് അനന്തമായി നീളുന്നതില്‍ അണികളിലും കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയിലും മുറുമുറുപ്പ് കൂടുന്നതിനിടയാക്കുന്നുണ്ട്.