ഹണി ബഞ്ചമിന്‍ കൊല്ലം കോര്‍പറേഷന്‍ മേയര്‍

Posted on: November 26, 2014 12:19 am | Last updated: November 26, 2014 at 12:19 am

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറായി സി പി ഐയിലെ ഹണി ബഞ്ചമിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം പി ഡി പിയില്‍ നിന്ന് പുറത്താക്കിയ എം കമാലുദ്ദീന്റെ പിന്തുണയോടെയാണ് ഹണി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ മായാ ഗണേശിനെയാണ് ഹണി ബഞ്ചമിന്‍ പരാജയപ്പെടുത്തിയത്. 55 അംഗ കൗണ്‍സിലില്‍ ഹണി 28 വോട്ടും മായാ ഗണേശ് 27 വോട്ടും നേടി. ഒരു വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച ഹണി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ പ്രണാബ് ജ്യോതിനാഥ് പ്രഖ്യാപിച്ചു. ഹണിയുടെ പേര് മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍ദേശിച്ചു. ജി ലാലു പിന്താങ്ങി. മായാ ഗണേശിന്റെ പേര് ഡോ. ഉദയസുകുമാരനാണ് നിര്‍ദേശിച്ചത്. സ്റ്റാന്‍ലി വിന്‍സന്റ് പിന്താങ്ങി. ഡിവിഷന്‍ ക്രമത്തിലാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്.

കൊല്ലം കോര്‍പറേഷനില്‍ മേയറാകുന്ന മൂന്നാമത്തെ വനിതയാണ് ഹണി ബഞ്ചമിന്‍. ഇതിന് മുമ്പ് സി പി എമ്മിലെ സബിതാ ബീഗവും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രസന്നാ ഏണസ്റ്റുമായിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്നത്. കൗണ്‍സിലില്‍ വടക്കുംഭാഗം ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഹണി ബഞ്ചമിന്‍ നേരത്തെ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കേരള മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. ഇത് രണ്ടാം തവണയാണ് ഹണി കൗണ്‍സിലറാവുന്നത്. 2005ലാണ് ഇവര്‍ ആദ്യമായി കൗണ്‍സിലിലെത്തുന്നത്. കോര്‍പറേഷന്‍ ഭരണസമിതിയുടെ കാലാവധി തീരാന്‍ ഇനി ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അവസാനത്തെ ഒരു വര്‍ഷം മേയര്‍ സ്ഥാനം സി പി ഐക്ക് വിട്ടുകൊടുക്കാമെന്ന് ഇടതുമുന്നണിയിലുണ്ടായ ധാരണയനുസരിച്ച് സി പി എമ്മിലെ പ്രസന്നാ ഏണസ്റ്റ് നവംബര്‍ ഏഴിന് മേയര്‍ സ്ഥാനം ഒഴിയുകയായിരുന്നു. ആര്‍ എസ് പിയുടെ മുന്നണി മാറ്റത്തോടെയാണ് മേയര്‍ സ്ഥാനം അവസാനത്തെ ഒരു വര്‍ഷം സി പി ഐക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത്.
ഡെപ്യൂട്ടി മേയറായിരുന്ന ആര്‍ എസ് പിയിലെ കെ ഗോപിനാഥനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും സി പി എമ്മിലെ എം നൗഷാദ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഭരണസമിതിയുടെ അവസാനത്തെ ഒരു വര്‍ഷം സി പി ഐക്ക് മേയര്‍ സ്ഥാനം വിട്ടുതരാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എം നൗഷാദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. അതേസമയം, അന്നത്തെ മേയര്‍ പ്രസന്നാ ഏണസ്റ്റിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയും ചെയ്തിരുന്നു.