പക്ഷിപ്പനി ബാധ

Posted on: November 26, 2014 6:00 am | Last updated: November 26, 2014 at 12:15 am

SIRAJ.......പക്ഷിപ്പനി ഭീതിയിലാണ് കേരളം. കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ നേരത്തെ കേട്ടുകേള്‍വി മാത്രമായിരുന്ന ഈ രോഗം നേരിട്ടനുഭവിച്ചറിയുകയാണ് മലയാളികള്‍. ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍, ബ്രിട്ടന്‍, ഹോളണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പക്ഷിപ്പനി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പഞ്ചായത്തുകളില്‍ രോഗം കണ്ടെത്തിയതും പടര്‍ന്നു കൊണ്ടിരിക്കുന്നതും. കുട്ടനാട്ടിലെ ദേശാടന പക്ഷികളില്‍ രോഗം സ്ഥിരീകരിച്ചതിനാല്‍ അവ മുഖേനയാണ് കേരളത്തില്‍ എത്തിയതെന്നാണ് വിലയിരുത്തല്‍. ശൈത്യകാലത്താണ് രോഗം കൂടുതലായി പടരുന്നത്. സംസ്ഥാനത്ത് പക്ഷിപ്പനി ഇതാദ്യമായതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നതും കര്‍ഷകര്‍ക്ക് വന്‍നഷ്ടം വരുത്തിവെക്കും. നശിപ്പിക്കുന്ന താറാവുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ട പരിഹാരം അപര്യാപ്തമാണെന്നാണ് കര്‍ഷകരുടെ പരാതി. വലിയ താറാവിന് 150 രൂപയും ചെറുതിന് 75 രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം. പക്ഷിപ്പനിയുടെ വ്യാപനം തടയാന്‍ രോഗ ബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയും കോഴികളെയും കൊന്നൊടുക്കേണ്ടി വരുമെന്നതിനാല്‍ കുട്ടനാട്ടില്‍ രണ്ടര ലക്ഷത്തോളം താറാവുകളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക്. 2012 ജനുവരിയില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രോഗം ബാധിച്ചപ്പോള്‍ നാല് ദശലക്ഷത്തോളം കോഴികളെ കൊന്നൊടുക്കിയിരുന്നു. 2005ല്‍ വിയറ്റ്‌നാമില്‍ രോഗം പടര്‍ന്നപ്പോള്‍ 140 ദശലക്ഷം പക്ഷികളെയാണ് കൊന്നത്.
രോഗം തടയുന്നതിന് സര്‍ക്കാര്‍ രൂപവത്കരിച്ച ദ്രുതകര്‍മസേന ജില്ലയിലെ ഫാമുകളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പക്ഷികളെ കടത്തുന്നതും രോഗം കണ്ടെത്തിയ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മുട്ട, മാംസം, കോഴിവളം എന്നിവയുടെ വില്‍പ്പനയും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും പിന്നെയും രോഗം പടരുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അധികൃതര്‍ രോഗസാധ്യത മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ വന്‍നാശനഷ്ടം ഒഴിവാക്കാമായിരുന്നു. മൃഗസം രക്ഷണ വകുപ്പ് ഈ കാര്യത്തില്‍ കനത്ത പരാജയമാണെന്നാണ് കര്‍ഷകരുടെ ആരോപണം.
രോഗവുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കപ്പെടുന്ന ഊഹാപോഹങ്ങളും കിംവദന്തികളുമാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. മനുഷ്യനെ കൊന്നൊടുക്കുന്ന ഒരു മഹാമാരിയെന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ തന്നെ രോഗത്തെ പരിചയപ്പെടുത്തുന്നത്. എന്നാല്‍, മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി ബാധകളില്‍ 90ശതമാനവും താരതമ്യേന വീര്യം കുറഞ്ഞതും മാരകമല്ലാത്തതുമാണ്. രോഗ ബാധിതമായ പക്ഷികളുടെ മുട്ടയോ, മാംസമോ, കാഷ്ടമോ കൈകാര്യം ചെയ്യുമ്പോഴാണ് രോഗാണു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത. അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ഇതു പടരുന്നതായി കണ്ടിട്ടില്ലെന്നും അത്രക്കും സാംക്രമിക ശേഷി ഈ വൈറസ് ആര്‍ജിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 2008ല്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും തമിഴ്‌നാട്ടിലും രോഗം ബാധിച്ചിരുന്നെങ്കിലും മനുഷ്യരിലേക്ക് പകര്‍ന്നിരുന്നില്ല. എങ്കിലും കരുതല്‍ നടപടികളും ജാഗ്രതയും ആവശ്യമാണ്. വായു, പക്ഷികളുടെ വിസര്‍ജ്യ വസ്തുക്കള്‍, മാംസം ഭക്ഷിക്കല്‍ എന്നിവയിലൂടെയാണ് രോഗം മനുഷ്യനിലേക്കു പടരാറുള്ളത്. മാംസവും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കുകയും ശേഷം കൈ സോപ്പിട്ടു കഴുകുകയും മാംസം നന്നായി വേവിച്ചു ഭക്ഷിക്കുകയും ചെയ്താല്‍ രോഗ ബാധ തടയാകുന്നതാണ്. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുകയും പാതി വേവിച്ചു ഭക്ഷിക്കുന്നതും പാചകവിഭവങ്ങളില്‍ പച്ചമുട്ട ചേര്‍ക്കുന്നതും ഒഴിവാക്കുകയും ചെയ്യേണ്ടതാണെന്നും ആരോഗ്യ വിഭാഗം ഓര്‍മിപ്പിക്കുന്നു.
വിവിധ തരം രോഗബാധയും പാടശേഖരങ്ങളുടെ വ്യാപ്തി അടിക്കടി കുറഞ്ഞു വരുന്നതും ഇന്‍ഷ്വറന്‍സ് നല്‍കുന്നതില്‍ കമ്പനികള്‍ കാണിക്കുന്ന വിമുഖതയും കാരണം കേരളത്തില്‍ അടുത്ത കാലത്തായി താറാവ്കൃഷി കുറഞ്ഞു വരികയാണ്. പല സീസണുകളിലും വ്യാപകമായി രോഗംവന്നു താറാവുകള്‍ ചത്തൊടുങ്ങിയതോടെ കടക്കെണിയിലകപ്പെട്ട് താറാവ് വളര്‍ത്തല്‍ ഉപേക്ഷിച്ച കര്‍ഷകര്‍ ഏറെയാണ്. ഇപ്പോള്‍ പക്ഷിപ്പനി ബാധയാല്‍ താറാവുകള്‍ വന്‍തോതില്‍ നശിച്ചു കൊണ്ടിരിക്കെ, സര്‍ക്കാര്‍ മതിയായ പ്രോത്സാഹനവും നഷ്ടപരിഹാരവും നല്‍കിയില്ലെങ്കില്‍ താറാവ് സംസ്ഥാനത്ത് അപൂര്‍വ വസ്തുവായി മാറുമെന്നാണ് ആശങ്ക.