ബ്രിട്ടീഷ് എം പിക്ക് ചൈന വിസ നിഷേധിച്ചു; സന്ദര്‍ശനം റദ്ദാക്കി എം പിമാരുടെ ഐക്യദാര്‍ഢ്യം

Posted on: November 26, 2014 12:11 am | Last updated: November 26, 2014 at 12:11 am

ലണ്ടന്‍: എം പിക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം ബ്രിട്ടീഷ് എം പിമാര്‍ ചൈനാ സന്ദര്‍ശനം നിര്‍ത്തിവെച്ചു. ഹോങ്കോംഗിലെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന എം പിക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മറ്റുള്ള എം പിമാര്‍ സന്ദര്‍ശനം നിര്‍ത്തിവെച്ചത്. ബീജിംഗില്‍ ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധിയായും ആള്‍ പാര്‍ട്ടി പാര്‍ലിമെന്ററി മേധാവിയുമായ റിച്ചാര്‍ഡ് ഗ്രഹാമിനാണ് വിസ നിഷേധിച്ചത്. ഇന്നലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിരിക്കേണ്ടതായിരുന്നു സംഘം. ഷാംഗ്ഹായില്‍ യു കെ- ചൈന ലീഡര്‍ഷിപ്പ് ഫോറത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ ചൈന സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. വിഷയം ചൈനീസ് സര്‍ക്കാറിനെ അറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തതായി വിദേശ കാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ചൈന- യു കെ ബന്ധങ്ങളില്‍ ലീഡര്‍ഷിപ്പ് ഫോറം പ്രധാന പങ്കാണ് വഹിക്കുന്നത്. ബ്രിട്ടീഷ് എം പിമാര്‍ രാജ്യം സന്ദര്‍ശിക്കുന്നത് എല്ലാ നിലക്കും സ്വാഗതം ചെയ്യുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് തങ്ങള്‍ അനുകൂലമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുആ ചുന്‍യിംഗ് പറഞ്ഞു. വിസ നിഷേധിച്ചത് വ്യക്തിപരമായ കാര്യത്തിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രഹാം സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹോങ്കോംഗിലെ ചൈനീസ് നിലപാടിനെ കുറിച്ച് ഗ്രഹാമിന്റെ അഭിപ്രായം ചൈനീസ് എംബസി ആവശ്യപ്പെട്ടിരുന്നു. പാര്‍ലിമെന്റ് സംവാദത്തില്‍ ഹോങ്കോംഗിനെ കുറിച്ച് 1984ലെ സംയുക്ത പ്രഖ്യാപനം ഉയര്‍ത്തിപ്പിടിക്കുമെന്നും എന്നാല്‍ ചൈന ഹോങ്കോംഗിനെ 1997ല്‍ ചൈനയോട് ചേര്‍ക്കുകയായിരുന്നുവെന്നും ഗ്രഹാം പറഞ്ഞിരുന്നു. ഹോങ്കോംഗിലെ ചൈനീസ് താത്പര്യങ്ങള്‍ ലംഘിക്കുന്ന ഗ്രഹാമിന്റെ ഇത്തരം പരാമര്‍ശങ്ങളാണ് വിസ നിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് കരുതുന്നത്.