മോദിയുടെ ഭാര്യയെന്ന നിലക്കുള്ള സുരക്ഷയും സേവനങ്ങളും; വിവരാവകാശ അപേക്ഷ നല്‍കി യശോദബെന്‍

Posted on: November 26, 2014 2:15 am | Last updated: November 26, 2014 at 10:20 am

അഹമ്മദാബാദ്: തനിക്ക് ലഭിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെയും മറ്റ് സര്‍വീസുകളെയും സംബന്ധിച്ച് അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാബെന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വധിച്ചത് ചൂണ്ടിക്കാട്ടിയാണ് അവര്‍ തന്റെ ആശങ്ക അറിയിച്ചത്. നവംബര്‍ 24 എന്ന് തീയതി വെച്ച അപേക്ഷ, മെഹ്‌സാന എസ് പിക്ക് കൈമാറിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച പൂര്‍ണ വിവരം നല്‍കണം. അത്തരം ഉദ്യോഗസ്ഥരുടെ പക്കല്‍ ഔദ്യോഗിക കത്ത് ഉണ്ടോ? ഔദ്യോഗിക കത്ത് ഇല്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണം? പ്രോട്ടോകോള്‍ അനുസരിച്ചുള്ള സുരക്ഷയാണ് നല്‍കുന്നത്. മറ്റ് എന്തൊക്കെ സേവനങ്ങള്‍ ലഭിക്കും? പ്രോട്ടോകോളിനെ സംബന്ധിച്ച പൂര്‍ണ വിവരം നല്‍കണം. പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പിറകെ വരുന്നു. ആരുടെ ഉത്തരവിലാണ് അവര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്? സുരക്ഷാ ജീവനക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ താനെന്തിന് പൊതുവാഹനങ്ങള്‍ ഉപയോഗിക്കണം? ഇതേത് നിയമം അനുസരിച്ചാണ്? സുരക്ഷക്കായി നിയോഗിതരായ ജീവനക്കാര്‍ പറയുന്നത്, തങ്ങളവരെ അതിഥികളെ പോലെ കണക്കാക്കണമെന്നാണ്. ഇതും പ്രോട്ടോകോളിലുണ്ടോ? ഉത്തരവിന്റെ കോപ്പി കാണിക്കാന്‍ പറയുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. ഇതുസംബന്ധിച്ച കൃത്യമായ രേഖകള്‍ വേണം. തുടങ്ങിയ വിഷയങ്ങളാണ് യശോദബെന്‍ ആവശ്യപ്പെട്ടത്.
‘പ്രധാനമന്ത്രിയുടെ ഭാര്യ യശോദബെന്‍ എന്ന ഞാന്‍’ എന്നാണ് അധിക ചോദ്യവും തുടങ്ങുന്നത്. കൃത്യമായ രേഖകളോടെ 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആക്ടീവയില്‍ സഞ്ചരിക്കേണ്ടിവരുന്നത് കഷ്ടമല്ലേ എന്ന് അവരുടെ ഇളയസഹോദരന്‍ അശോക് മോദി ചോദിക്കുന്നു. പ്രഥമവനിതയായിട്ടും മതിയായ യാത്രാ സൗകര്യം അവര്‍ക്ക് നല്‍കാത്തതിനെ അദ്ദേഹം വിമര്‍ശിക്കുന്നു. ഈ സുരക്ഷയൊന്നും ആവശ്യപ്പെട്ടിട്ടല്ല നല്‍കിയത്. അവര്‍ക്ക് വി വി ഐ പി പദവിയുണ്ട്. സുരക്ഷയൊരുക്കുന്ന എസ് പി ജി കമാന്‍ഡോകള്‍ യൂനിഫോം പോലും ധരിക്കാറില്ല. രണ്ട് ഷിഫ്റ്റുകളായി പത്ത് കമാന്‍ഡോകള്‍ യശോദബെന്നിന്റെ സുരക്ഷക്ക് ഉണ്ടെന്നും അശോക് പറഞ്ഞു.