ദുബൈ വ്യാപാരോത്സവം;സ്വര്‍ണ ഉപഭോക്താക്കള്‍ക്ക് വന്‍ സമ്മാനങ്ങള്‍

Posted on: November 25, 2014 8:57 pm | Last updated: November 25, 2014 at 8:57 pm

DSC_8526ദുബൈ: ദുബൈ വ്യാപാരോത്സവത്തിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് വന്‍ പ്രമോഷന്‍ നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1.5 കോടി ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് പ്രമോഷന്‍. 100 കിലോ സ്വര്‍ണം, 40 കാരറ്റ് രത്‌നം തുടങ്ങിയവയാണ് നറുക്കെടുപ്പിലൂടെ നല്‍കുക.
ഏതെങ്കിലുമൊരു ജ്വല്ലറിയില്‍ നിന്ന് 500 ദിര്‍ഹമിന്റെ ഉത്പന്നം വാങ്ങുമ്പോള്‍ നല്‍കുന്ന കൂപ്പണിന്റെ നറുക്കെടുപ്പിലൂടെ പ്രതിദിനം ഒരുകിലോ സ്വര്‍ണവും ഒരു കാരറ്റ് ഡയമണ്ടും സമ്മാനമായി ലഭിക്കും. ഓരോ ആഴ്ചയും അഞ്ച് കിലോ സ്വര്‍ണം വിജയികള്‍ക്ക് നല്‍കും. 40 കിലോ സ്വര്‍ണമാണ് ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. എട്ട് കാരറ്റ് രത്‌നവും നല്‍കും. ഇത്തവണ വേള്‍ഡ് ഡയമണ്ട് മാര്‍ക് ഫൗണ്ടേഷന്‍കൂടി പ്രമോഷനില്‍ സഹകരിക്കുന്നുണ്ട്. മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 20 കിലോയും രണ്ടാം സമ്മാനം 10 കിലോയും മൂന്നാം സമ്മാനം അഞ്ചു കിലോയുമാണ്. റേഡിയോ സ്റ്റേഷനുകള്‍ വഴി എട്ടുകിലോ സ്വര്‍ണ സമ്മാനമുണ്ട്. എസ് എം എസ് വഴിയാണ് മത്സരം.
ദുബൈ വ്യാപാരോത്സവം വിജയിപ്പിക്കുന്നതില്‍ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് വലിയ പങ്കാണ് വഹിക്കുന്നതെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ പറഞ്ഞു. 20-ാമത്തെ വര്‍ഷമാണ് ഡി എസ് എഫ് നടക്കുന്നത്. നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലൈലാ സുഹൈല്‍ പറഞ്ഞു.
ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല, വൈസ് ചെയര്‍മാന്‍ ചന്തുസിറോയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.