സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ കേന്ദ്രം കടുത്ത നടപടിക്ക്

Posted on: November 25, 2014 3:23 pm | Last updated: November 26, 2014 at 12:28 am

cigerateന്യൂഡല്‍ഹി: രാജ്യത്ത് സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാക്കറ്റിലൂടെ അല്ലാതെയുള്ള സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കുവാന്‍ സമിതി ശിപാര്‍ശ ചെയ്തതായാണ് സൂചന.

സിഗരറ്റുകള്‍ ചില്ലറയായി ലഭിക്കാതെ വരുമ്പോള്‍ പത്ത് ശതമാനം വരെ ഉപഭോഗം കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നതിനും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

സിഗരറ്റ് വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന് വന്‍ നികുതി നഷ്ടത്തിന് കാരണമാകും. 25000 കോടിയിലേറെ രൂപയാണ് നിലവില്‍ പുകയില നികുതി ഇനത്തില്‍ പ്രതിവര്‍ഷം സര്‍ക്കാറിന് ലഭിക്കുന്നത്.