അലങ്കാര പക്ഷികളിലെ ലിംഗനിര്‍ണയം: പുത്തന്‍ ഗവേഷണവുമായി വെറ്ററിനറി കോളജ്

Posted on: November 25, 2014 11:25 am | Last updated: November 25, 2014 at 11:25 am

birdsവൈത്തിരി: അലങ്കാര പക്ഷികളുടെ ലിംഗനിര്‍ണയത്തിനുള്ള നൂതനരീതിയുമായി പൂക്കോട് വെറ്ററിനറി കോളജ്.കോളജിലെ ബയോകെമിസ്ട്രി വിഭാഗമാണ് ഇത്സംബന്ധിച്ച പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ഡി എന്‍ എ അധിഷ്ഠിത നൂതന പരിശോധനയിലൂടെ നടത്തുന്ന ലിംഗനിര്‍ണ്ണയത്തിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്തര്‍ദേശീയരംഗത്ത് പക്ഷികളിലെ ലിംഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന ആധുനിക സൗകര്യങ്ങളാണ് പൂക്കോട് കോളേജില്‍ ഒരുക്കുന്നത്. പക്ഷികളുടെ തൂവല്‍, രക്തം എന്നിവയില്‍നിന്നാണ് ഡി.എന്‍.എ. വേര്‍തിരിച്ച് ലിംഗനിര്‍ണയത്തിന് ഉപയോഗിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ അലങ്കാര പക്ഷികളെ വളര്‍ത്തുകയും ആദായകരമായ ഉപജീവനമാര്‍ഗമായി ഈ തൊഴിലിനെ ആശ്രയിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയരീതികള്‍ ആശ്വാസകരമാകും. ലോകത്ത് കണ്ടുവരുന്ന പക്ഷികളില്‍ പകുതിയിലും ബാഹ്യലക്ഷണങ്ങള്‍ നോക്കിയുള്ള ലിംഗനിര്‍ണയം അപ്രായോഗികമാണ്. മിക്ക അലങ്കാരപക്ഷിയിനങ്ങളും ആണും പെണ്ണും രൂപത്തിലും ആകാരത്തിലും സാദൃശ്യമുള്ളവരായി കാണപ്പെടുന്നു. ശബ്ദത്തിലെ വ്യതിയാനം, വലിപ്പത്തിലെ വ്യത്യാസം, സ്വഭാവത്തിലുള്ള പ്രത്യേകതകള്‍, ചിറകുകള്‍, ചുണ്ട്, തൂവല്‍ എന്നിവയുടെ നിറവ്യത്യാസം, ചിറക് തൂവല്‍പൂടയുടെ വര്‍ണമാതൃക എന്നിവ പണ്ടുകാലങ്ങളില്‍ ലിംഗനിര്‍ണയം സാധ്യമാക്കിയിരുന്നുവെങ്കിലും വര്‍ഗപരിവര്‍ത്തനം, ജനിതകവ്യതിയാനം എന്നീ മാററങ്ങള്‍ ഇന്ന് ലിംഗനിര്‍ണയം ഏതാണ്ട് അസാധ്യമാക്കിയിരിക്കിയിരിക്കകുകയാണ്.
തങ്ങളുടെ വളര്‍ത്തുപക്ഷികളുടെ ലിംഗഭേദം നിര്‍ണയിക്കാനോ അവയെ തിരിച്ചറിയാനോ കഴിയാതാവുന്നതോടെ പലരും വെറ്ററിനറി ഡോക്ടര്‍മാരെ ആശ്രയിക്കാറാണ് പതിവ്.പക്ഷെ പരിമിതമായ സൗകര്യങ്ങളുള്ള ആസ്പത്രികളില്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങളുണ്ടാവാറില്ല.നിലവില്‍ കേരളത്തില്‍ ശാസ്ത്രീയമായ ലിംഗനിര്‍ണയം നടത്തുന്ന ലാബുകള്‍ എവിടെയും പ്രവര്‍ത്തിക്കുന്നുമില്ല.
ശരിയായ ആണ്‍പെണ്‍ അനുപാതം പാലിച്ചെങ്കില്‍ മാത്രമേ വംശവര്‍ധന നടക്കുകയുള്ളൂ. അലങ്കാര പക്ഷി വളര്‍ത്തല്‍ ഒരു തൊഴിലായി ഏറ്റെടുക്കുന്ന സംരഭകര്‍ക്കുംവംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ സംരക്ഷണത്തിനും ലിംഗനിര്‍ണയം അനിവാര്യമാണ്. പൂക്കോട് വെറ്ററിനറി കോളേജിലെ പുതിയ ഗവേഷണം പക്ഷിവളര്‍ത്തലിലും പഠനത്തിലുമായി കഴിയുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ്.