Connect with us

National

രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും കമാന്‍ഡോ യൂനിഫോമും കണ്ടെത്തി

Published

|

Last Updated

ഹിസാര്‍: രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും കമാന്‍ഡോകളുടെ യൂനിഫോമുകളും പോലീക് കണ്ടെടുത്തു. നേരത്തെ വന്‍ ആയുധ ശേഖരവും പണവും മറ്റനേകം വസ്തുക്കളും കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനും കഴിഞ്ഞ ദിവസം രാംപാലിനെ സത്‌ലോക് ആശ്രമത്തിലെത്തിച്ചിരുന്നു.
ആശ്രമത്തിലുടനീളം രാംപാലിനെ കൊണ്ടുനടന്ന് രഹസ്യഅറകള്‍ പോലീസ് തുറന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ലോക്കറുകള്‍ തുറന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെയും കമാന്‍ഡോ യൂനിഫോമുകളെയും സംബന്ധിച്ച് രാംപാലിനെ ചോദ്യം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ എ കെ റാവു അറിയിച്ചു. ബാബായുടെ കമാന്‍ഡോകള്‍ എന്ന് ആശ്രമത്തില്‍ അറിയപ്പെടുന്ന അനുയായികളുമായി ചേര്‍ന്ന് പോലീസിനെതിരെ എന്തെങ്കിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോയെന്ന് രാംപാലിനോട് ചോദിച്ചിട്ടുണ്ട്. പോലീസ് നടപടിയെ ഭയന്നുള്ള മുന്‍കരുതലായിരിക്കാം ഇതെന്നാണ് പോലീസിന്റെ അനുമാനം.
12 ഏക്കര്‍ വരുന്ന ആശ്രമം പരിശോധിച്ചതില്‍ നിന്ന് ആഡംബര കാറുകളുടെ വന്‍ ശേഖരം കണ്ടെടുത്തിട്ടുണ്ട്. സ്വിമ്മിംഗ് പൂള്‍, ഫഌറ്റ് സ്‌ക്രീന്‍ ടി വികള്‍, എ സികള്‍, മസാജിന് ഉപയോഗിക്കുന്ന മേശ, ജിം ഉപകരണങ്ങള്‍ തുടങ്ങിയവയും പുതുതായി കണ്ടെടുത്തു. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായതിന് മുമ്പ് തന്നെ അധിക മുറികളും മറ്റ് തന്ത്രപ്രധാന അറകളും സ്ഥലങ്ങളും പ്ലൈവുഡും മറ്റും ഉപയോഗിച്ച് രാംപാല്‍ മറച്ചിരുന്നു.
ബുള്ളറ്റ് പ്രൂഫ് വാഹനം, ഓയില്‍ ടാങ്കര്‍, രണ്ട് ട്രാക്ടറുകള്‍, ബസ്, ജിപ്‌സി, 82 ഇരുചക്ര വാഹനങ്ങള്‍, നാല് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മുതലായവ പോലീസ് കണ്ടെത്തിയിരുന്നു. ആശ്രമത്തിനകത്ത് നിന്ന് വന്‍തോതില്‍ തോക്കുകളും വെടിത്തിരകളും പെട്രോള്‍ ബോംബുകളും ആസിഡ് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. മൂന്ന് .32 ബോര്‍ റിവാള്‍വറുകള്‍, 19 എയര്‍ ഗണ്ണുകള്‍, രണ്ട് .12 ബോര്‍ റൈഫിളുകള്‍, റണ്ട് .315 ബോര്‍ റൈഫിളുകള്‍, മുളക് ഉപയോഗിച്ച് നിര്‍മിച്ച ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ എന്നിവയും രാംപാലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപയും 700 ലിറ്റര്‍ ഡീസലും 1200 ലിറ്റര്‍ മണ്ണെണ്ണയും കണ്ടെടുത്തിട്ടുണ്ട്. ഗര്‍ഭ പരിശോധനാ കിറ്റ് കണ്ടെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്യാനായി ആശ്രമത്തിലെത്തിയ പോലീസിനും അര്‍ധസൈനിക വിഭാഗത്തിനും നേരെ രാംപാലിന്റെ അനുയായികള്‍ വെടിവെച്ചിരുന്നു.

Latest