ഇറക്കുമതി തീരുവ കൂട്ടണം-കര്‍ഷക സംഘടനകള്‍

Posted on: November 25, 2014 12:32 am | Last updated: November 24, 2014 at 11:33 pm

കല്‍പ്പറ്റ: അനിയന്ത്രിതമായ ഇറക്കുമതിക്ക് ഇന്ത്യ വാതില്‍ മലര്‍ക്കെ തുറന്നതാണ് സ്വാഭാവിക റബ്ബറിന്റെ വിലത്തകര്‍ച്ചയ്ക്ക് കാരണമെന്ന് ബത്തേരിയിലെ വ്യാപാരികളില്‍ ഒരാള്‍ പറഞ്ഞു. ജില്ലയിലെ പീടികകളിലേക്കുള്ള റബ്ബര്‍ വരവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്യമായ കുറവാണ് ഉണ്ടായത്. കൃഷിക്കാരില്‍ പലരും തോട്ടങ്ങളില്‍ ടാപ്പിംഗ് നടത്തുന്നില്ല. കഴിഞ്ഞ നാലഞ്ച് മാസങ്ങളില്‍ മഴയും ജില്ലയില്‍ റബ്ബര്‍ ടാപ്പിംഗിനെ ബാധിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി അവസാനിപ്പിക്കുകമാത്രമാണ് വിലത്തകര്‍ച്ചയ്ക്കു പരിഹാരമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി.എസ്.വിശ്വംഭരന്‍, സെക്രട്ടറി ഡോ.അമ്പി ചിറയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
്ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനു ഇറക്കുമതി തത്കാലത്തേക്കെങ്കിലും നിര്‍ത്തിവെക്കണമെന്ന് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യുട്ടീവ് കമ്മിറ്റിയടക്കം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാരിനു കുലുക്കമില്ല. റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം ഗണ്യമായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറാല്ല. രാജ്യത്തെ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണികളില്‍നിന്നു സ്വാഭാവിക റബ്ബര്‍ വാങ്ങാതെ ഇറക്കുമതി റബ്ബറിന് പിന്നാലെ പോലുകയാണ്. സ്വാഭാവിക റബ്ബര്‍ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെ കുറഞ്ഞിട്ടും ടയര്‍ വില ഉയരുകയാണെന്ന വൈരുദ്ധ്യവും കാണേണ്ടതുണ്ട്. കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി ഇന്ത്യ 93,250 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്. ഈ സാമ്പത്തികവര്‍ഷാവസാനമാകുമ്പോഴേക്ക് ഇറക്കുമതി 325,000 ടണ്‍ ആകുമെന്നാണ് വിദഗ്ധമതം.
കേരളത്തില്‍ റബ്ബര്‍ കൃഷിയെ ആശ്രയിച്ചാണ് പതിനഞ്ച് ലക്ഷത്തോളം കര്‍ഷക കുടുംബങ്ങളുടേയും ഇതിന്റെ ഇരട്ടിയിലധികം വരുന്ന തൊഴിലാളി കുടുംബങ്ങളുടേയും ഉപജീവനം. സ്വാഭാവിക റബ്ബറിന്റെ വിലയിടിവുമൂലം ഇവര്‍ നേരിടുന്ന പ്രശ്‌നം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രധാനമന്ത്രി, വാണിജ്യമന്ത്രി, ധനമന്ത്രി എന്നിവരുടെ മുമ്പില്‍ അവതരിപ്പിച്ചതാണ്. ലോക വ്യാപര ഉടമ്പടിയില്‍ ഒപ്പിച്ച രാജ്യം എന്ന നിലയില്‍ റബ്ബര്‍ ഇറക്കുമതി തടയാനാവില്ലെന്ന ന്യായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഞാന്നുകിടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കൃഷിക്കാരനു ആദായകരമായവിധത്തില്‍ റബ്ബറിനു തറവില നിശ്ചയിക്കാനും കടങ്ങള്‍ ഇളവുചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണം- കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു.
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീരുവ വര്‍ധിപ്പിച്ച് ഇറക്കുമതി നിരുത്സാഹപ്പെടുത്തണമെന്ന് ഹരിതസേന പ്രസിഡന്റ് എം.സുരേന്ദ്രന്‍ പറഞ്ഞു. തീരുവ 20 ശതമാനത്തില്‍നിന്നു 25 ശതമാനമായി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് സഹായകമല്ല. ഇന്ത്യയെ അപേക്ഷിച്ച് തായ്‌വാന്‍, വിയത്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റബ്ബര്‍ ഉത്പാദന ചെലവ് കുറവാണ്. അതിനാല്‍ സ്വാഭാവിക റബ്ബര്‍ വിലകുറച്ച് നല്‍കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിയും. റബ്ബര്‍ ഉപഭോഗത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്ന ചൈനയില്‍ റബ്ബര്‍ കൃഷി ആരംഭിച്ചതും ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വിനയായി. ഇന്ത്യന്‍ റബ്ബര്‍ വിപണിയില്‍ ചൈനയുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞിരിക്കയാണ്. പെട്രോളിയം ഉത്പന്നമായ സിന്തറ്റിക് റബ്ബറിന്റെ വില കുറയുന്നതും സ്വാഭാവിക റബ്ബറിന്റെ വിലയിടിവിനു കാരണമാണ്. കര്‍ഷകര്‍ ഉത്പാദിപ്പിച്ച 1.8 ലക്ഷത്തിലേറെ ടണ്‍ റബ്ബര്‍ കെട്ടിക്കിടക്കുകയാണ്. തീരുവ 50 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായാല്‍ ചിത്രം മാറും. ടയര്‍ കമ്പനികള്‍ക്കടക്കം ഇറക്കുമതിയില്‍ താത്പര്യം കുറയും. ഇത് ആഭ്യന്തര വിപണിയില്‍ സ്വാഭാവിക റബ്ബറിന്റെ വില ഉയരുന്നതിനു ഇടയാക്കും. ലോക വ്യാപാര ഉടമ്പടിയിലെ സുരക്ഷാ കവച വ്യവസ്ഥ ഉപയോഗപ്പെടുത്തി ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയും. അതിനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ കാട്ടണം. റബ്ബര്‍ ഇറക്കുമതി ഇന്ത്യയിലെ ഏതെങ്കിലും ഒരു തുറമുഖം മുഖേനയാക്കി പരിമിതപ്പെടുത്തിയും സ്വാഭാവിക റബ്ബറിന്റെ വിലത്തകര്‍ച്ചയെ നേരിടാവുന്നതാണ്-സുരേന്ദ്രന്‍ പറഞ്ഞു.