Connect with us

Kerala

സര്‍ക്കാര്‍ സര്‍വീസിലെ ഉന്നതര്‍ മുന്‍കരുതല്‍ നടപടിയില്‍

Published

|

Last Updated

കൊച്ചി: പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ അവിഹിത സമ്പാദ്യം കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ സര്‍വീസിലെ ഉന്നതര്‍ തങ്ങളുടെ അവിഹിത സമ്പാദ്യം മറച്ചു പിടിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയതായി വിജിലന്‍സിന് സൂചന ലഭിച്ചു.
വസ്തു ഇടപാട് രേഖകളും കള്ളപ്പണവും ഒളിപ്പിച്ചും ബേങ്ക് ലോക്കറുകള്‍ ശൂന്യമാക്കിയും പലരും മുന്‍കരുതലെടുത്തുകൊണ്ടിരിക്കുകയാണ്. അഴിമതിയിലൂടെ പടുത്തുയര്‍ത്തിയ തങ്ങളുടെ സാമ്രാജ്യം തകര്‍ക്കാന്‍ ഏതെങ്കിലും കോണില്‍ നിന്ന് ശ്രമമുണ്ടായാല്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാനുള്ള തിരക്കിട്ട ശ്രമവും ഇവര്‍ നടത്തുന്നുണ്ട്. ഇവരില്‍ ചിലരുടെ നീക്കങ്ങള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്.
കൈവശമുള്ള ഭൂമി കൂടിയ വില കാണിച്ച് വില്‍പ്പന നടത്തിയും ബിനാമി പേരുകളിലേക്ക് മാറ്റിയും വന്‍തുകയുടെ ലോണുകള്‍ സംഘടിപ്പിച്ചും വ്യവസായ സംരംഭങ്ങള്‍ എന്ന പേരില്‍ കടലാസ് സ്ഥാപനങ്ങള്‍ ഉണ്ടാക്കിയും മുഖം രക്ഷിക്കാനാണ് പലരും നീക്കമാരംഭിച്ചിരിക്കുന്നത്. കൂടിയ വില കാണിച്ച് വസ്തു വില്‍പ്പന നടത്തുന്നതിലൂടെ കള്ളപ്പണത്തില്‍ കുറച്ചെങ്കിലും വെളുപ്പിക്കാന്‍ കഴിയും. ബേങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങളുടെ പേരില്‍ ലോണ്‍ എടുക്കാനും ഇത്തരക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ടത്രെ. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബേങ്കുകളിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലും നിന്ന് വായ്പയെടുത്താല്‍ കൈയിലുള്ള കള്ളപ്പണത്തിന് വരവ് കാണിക്കാനാകും.
ബന്ധുക്കളുടെ പേരില്‍ പുതിയ ബിസിനസ് സംരംഭങ്ങളുമായി ഇത്തരക്കാര്‍ വരും ദിവസങ്ങളില്‍ മുന്നോട്ടു വന്നേക്കുമെന്നും വിജിലന്‍സ് പ്രതീക്ഷിക്കുന്നു. കടലാസില്‍ മാത്രമുള്ള സംരംഭങ്ങളില്‍ നിന്ന് വന്‍തുക ലാഭം കിട്ടുന്നതിന്റെ കള്ളക്കണക്കുണ്ടാക്കിയാല്‍ അന്വേഷണം വരുമ്പോള്‍ രേഖകള്‍ ഉപയോഗിച്ച് നേരിടാന്‍ കഴിയും. ടി ഒ സൂരജിനെതിരായ നടപടി ഇത്തരത്തില്‍ ആദ്യമായതിനാല്‍ ഒരു മുന്‍കരുതലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. രേഖകളും പണവുമെല്ലാം കൈയോടെ പിടിക്കപ്പെടുകയായിരുന്നു. ഇത്തരമൊരു റെയ്ഡിന് ചെറിയ സാധ്യതയെങ്കിലുമുണ്ടെന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ വിജിലന്‍സിനെ കബളിപ്പിക്കാന്‍ കഴിയും വിധം രേഖകള്‍ ഒളിപ്പിക്കാനോ കണക്കില്‍ പെടാത്ത വസ്തുവകകള്‍ ബിനാമി പേരുകളില്‍ മാറ്റാനോ കഴിയുമായിരുന്നു. എന്നാല്‍, ഇനി ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ ഇത്തരം രേഖകളൊന്നും കിട്ടാനിടയില്ലെന്നാണ് വിജിലന്‍സ് തന്നെ കരുതുന്നത്.
അതുകൊണ്ടു തന്നെ ചിലരെ നിരീക്ഷിക്കുന്നുണ്ടെങ്കിലും തിരക്കിട്ട നടപടി ഉണ്ടാകില്ലെന്നാണ് സൂചന.