Connect with us

Kerala

മാരക വിഷാംശം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ സുലഭം

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് മാരക വിഷാംശം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ സുലഭം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തരം വെളിച്ചെണ്ണ വ്യാപകമായെത്തുന്നത്. പാരഫിന്‍, ക്രൂഡോയിലും പിണ്ണാക്കും ശുദ്ധീകരിച്ച എണ്ണ, ഫാം കേണല്‍ ഓയില്‍ എന്നിവയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്. ചില പ്രമുഖ ബ്രാന്‍ഡുകാര്‍ തങ്ങളുടെ കമ്പനി ലേബലിലും മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലിറക്കുന്നുണ്ട്.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില്‍ക്കുന്ന എഴുന്നൂറോളം കമ്പനികളാണുള്ളത്. മൂന്നു വര്‍ഷം മുമ്പ് വെറും 20 കമ്പനികള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഇത്രയും കമ്പനികള്‍ പൊട്ടിമുളച്ചത്. ഇതില്‍ 20 ശതമാനം മാത്രമാണ് ശുദ്ധമായ വെളിച്ചെണ്ണ വില്‍ക്കുന്നതെന്നാണ് സൂചന. പായ്ക്കറ്റല്ലാതെയും പായ്ക്കറ്റിലൂടെയും മായം കലര്‍ന്ന എണ്ണ വില്‍ക്കുമ്പോള്‍ ശുദ്ധമായ എണ്ണ വില്‍ക്കുന്ന കമ്പനികളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. വില കൂടിയതോടെ എണ്ണ വില്‍പ്പനയില്‍ 20 മുതല്‍ 30 ശതമാനത്തിന്റെ വരെ കുറവുണ്ടായിട്ടുണ്ടെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
തമിഴ്‌നാട്ടിലെ ഈറോഡില്‍ കങ്കയത്തിന് സമീപമുള്ള സംഘങ്ങളാണ് കൊപ്ര എണ്ണയാക്കുന്നത്. സംസ്ഥാനത്തെത്തുന്ന എണ്ണയില്‍ ഏറ്റവും ഗ്രേഡ് കൂടിയ ഇനം ഭക്ഷ്യവസ്തുവായി പാക്കിസ്താനിലേക്കും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. അവശേഷിക്കുന്ന കൊപ്രയാണ് വെളിച്ചെണ്ണയാക്കുന്നത്. ഈ എണ്ണ ഗുണമേന്മ• കുറഞ്ഞതുമായിരിക്കും. ഈ ഗുണമേന്മ• കുറഞ്ഞ എണ്ണക്കൊപ്പമാണ് വ്യാപകമായി മായം ചേര്‍ക്കുന്നത്. നേരത്തെ കേരളത്തില്‍ എത്തിച്ചാണ് മായം ചേര്‍ത്തിരുന്നതെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നു തന്നെ മായം ചേര്‍ക്കുകയാണ്. പിണ്ണാക്ക് ശുദ്ധീകരിച്ചെടുക്കുന്ന എണ്ണയും ചേര്‍ക്കുന്നുണ്ട്. പിണ്ണാക്ക് ശുദ്ധീകരിച്ചാല്‍ 10 മുതല്‍ 13 ശതമാനം വരെ എണ്ണ ലഭിക്കും. ഇതും വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നുണ്ടെന്നാണ് പറയുന്നത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ മായം ചേര്‍ത്ത എണ്ണയുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. പരിശോധന കാര്യക്ഷമമല്ലാതായതോടെ മായം ചേര്‍ത്ത എണ്ണ വ്യാപകമായി വീണ്ടും എത്തിത്തുടങ്ങിയിരിക്കുകയാണ്.

Latest