കോട്ടയത്ത് അഞ്ച് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Posted on: November 25, 2014 4:50 am | Last updated: November 24, 2014 at 11:05 pm

കോട്ടയം: കോട്ടയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അയ്മനം, ആര്‍പ്പൂക്കര, കുമരകം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 7000 പക്ഷികള്‍ രോഗം ബാധിച്ചു ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്ന് ആദ്യം തിരുവല്ലയിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തില്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ സാമ്പിള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലബോറട്ടിയില്‍ വിമാനമാര്‍ഗം അയക്കുകയായിരുന്നു. പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്. ഒരാഴ്ചക്കിടെയാണ് താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങിയത്. കുമരകത്ത് നൂറോളം കോഴികളും മറ്റു പഞ്ചായത്തുകളില്‍ താറാവുകളിലുമാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇന്നലെയാണു കുമരകത്ത് കോഴികള്‍ ചത്തത്.
പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ഇറച്ചിക്കോഴികളും താറാവുമുള്‍പ്പെടെയുള്ള പക്ഷിക്കളുടെ വില്‍പ്പന താല്‍ക്കാലികമായി ജില്ലാ ഭരണകൂടം നിരോധിച്ചു.
അയ്മനം, ആര്‍പ്പൂക്കര, കുമരകം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് വില്‍പ്പന നിരോധിച്ചിരിക്കുന്നത്.