കുഴികള്‍ നികത്തിയില്ലെങ്കില്‍ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറില്ല

Posted on: November 25, 2014 12:41 am | Last updated: November 24, 2014 at 10:41 pm

കാസര്‍കോട്: കുഴികള്‍ നികത്തി യാത്രാസൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സുകള്‍ കയറില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ മുന്നറിയിപ്പ് നല്‍കി.
പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നിടത്തും സ്റ്റാന്‍ഡിനകത്തും പുറത്തിറങ്ങുന്ന ഭാഗത്തും ടാര്‍ ഇളകി വലിയ കുഴികള്‍ ഉണ്ടായിട്ടുണ്ട്. നിരവധി തവണ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടു.
ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറ്റില്ലെന്ന കര്‍ശന നിലപാട് എടുത്തപ്പോള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തുവരുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തതായി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
15 ദിവസത്തിനകം സംവിധാനം ഒരുക്കിയില്ലെങ്കില്‍ ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് കയറില്ലെന്ന് ഭാരവാഹികളായ കെ ഗിരീഷ്, സി എ മുഹമ്മദ് കുഞ്ഞി, കെ ശങ്കര്‍ നായ്ക് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.