National
ശൈത്യകാല സമ്മേളനം: പ്രതിപക്ഷ സഹകരണം തേടി പ്രധാനമന്ത്രി
 
		
      																					
              
              
            ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രയോജനപ്രദവും വിജകരവുമാകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്‌കരണ നടപടികളെ ശക്തമായി എതിര്‍ക്കുമെന്ന് പല പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച ശൈത്യകാല സമ്മേളനം, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പിരിഞ്ഞു. ജമ്മു കാശ്മീരില്‍ വെള്ളപ്പൊക്കത്തിലും ആന്ധ്രാ പ്രദേശില്‍ ഹുദ്ഹുദ് ചുഴലിക്കാറ്റിലും മരിച്ചവര്‍ക്കും ഇരുസഭകളും അനുശോചനം അറിയിച്ചു.
രാജ്യത്തെ ജനങ്ങള്‍ ഭരണം നടത്താനുള്ള ഉത്തരവാദിത്വം തങ്ങളെയാണ് ഏല്‍പ്പിച്ചത്. പാര്‍ലിമെന്റിലെ അംഗങ്ങള്‍ക്കും സമാന ഉത്തരവാദിത്വമുണ്ട്. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം വഹിച്ച ക്രിയാത്മക പങ്കിനെ മോദി പ്രകീര്‍ത്തിച്ചു. പാര്‍ലിമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വച്ഛന്ദ മനസ്സോടെ സ്വച്ഛന്ദ അന്തരീക്ഷത്തില്‍ ജനക്ഷേമപരമായ നിരവധി പദ്ധതികള്‍ ചെയ്യാനാകുമെന്നതില്‍ ആത്മവിശ്വാസമുണ്ട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഭരണാധികാരികള്‍ക്കും രാജ്യത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും കൈകോര്‍ക്കാം. ഈ സമ്മേളനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ അനുകൂല സമീപനം നല്ല ഫലമാണ് ചെയ്തത്. അത് ഈ സമ്മേളനത്തിലും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. മോദി പറഞ്ഞു.
ഈ സമ്മേളനത്തില്‍ അവതരിപ്പിക്കന്ന ഇന്‍ഷ്വറന്‍സ് ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് പല പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളപ്പണം, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം, അദാനിക്ക് കൂടുതല്‍ വായ്പ അനുവദിച്ചത് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ എതിര്‍പ്പുണ്ടാകും. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ രംഗത്തുണ്ടാകും. ഇടത് കക്ഷികള്‍, തൃണമൂല്‍, ജെ ഡി യു, ആര്‍ ജെ ഡി, സമാജ്‌വാദി പാര്‍ട്ടി, ബി എസ് പി എന്നിവ ഇന്‍ഷ്വറന്‍സ് ബില്ലിനെതിരെ ഒന്നിച്ച് രംഗത്ത് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതികള്‍ പരിശോധിച്ച ശേഷം വേണ്ട ഇടപെടല്‍ നടത്തുമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ അറിയിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

