പത്താം തരം തുല്യതാ പരീക്ഷ: വയനാടിന് ഒന്നാം സ്ഥാനം

Posted on: November 24, 2014 10:24 am | Last updated: November 24, 2014 at 10:24 am

കല്‍പ്പറ്റ: പത്താം തരം തുല്യതാ പരീക്ഷ എട്ടാം ബാച്ചില്‍ പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ സംസ്ഥാന തലത്തില്‍ വയനാടിന് ഒന്നാം സ്ഥാനം.
94.38 ശതമാനമാണ് വയനാടിനുള്ളത്. 677 പഠിതാക്കള്‍ പരീക്ഷ എഴുതിയതില്‍ 639 പേര്‍ വിജയിച്ചു. രണ്ടാം സ്ഥാനം 90.67 ശതമാനം ആലപ്പുഴ നേടി. മൂന്നാം സ്ഥാനം 90.67ശതമാനം പത്തനംതിട്ട നേടി. നാലാം സ്ഥാനം 88.47ശതമാനം കോഴിക്കോടുമാണ്. 73.87ശതമാനം നേടിയ ഇടുക്കി ജില്ലയാണ് ഏറ്റവും പുറകില്‍. സംസ്ഥാന വിജയ ശതമാനം 83.86 ശതമാനമാണ്.
സംസ്ഥാനത്ത് ആകെ 20042 പേരാണ് പരീക്ഷ എഴുതിത് 16809 പേര്‍ വിജയിച്ചു. കൃത്യമായി നടന്ന സമ്പര്‍ക്കപഠന ക്ലാസുകളും പത്താം തരം തുല്യതക്കുള്ള സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ പ്രത്യേക പദ്ധതിയായ സാഫല്യവും വയനാട് ജില്ലയുടെ വിജയ ശതമാനം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കൂടാതെ സംസ്ഥാനത്തിന് തന്നെ മാതൃകാപരമായി വളരെ ചിട്ടയോടെ നടത്തിയ മാതൃകാ പരീക്ഷ, ഡയറ്റിന്റെ സാഫല്യം പദ്ധതിയിലെ മാതൃകാ ചോദ്യപേപ്പര്‍ എന്നിവയും പഠിതാക്കള്‍ക്ക് പരീക്ഷയെ കുറിച്ച് ശരിയാ ധാരണ ലഭിക്കുയും ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വയനാട് ജില്ലയിലെ മാനന്തവാടി, പടിഞ്ഞാറത്തറ, പനമരം, അച്ചൂര്‍, മേപ്പാടി, ആനപ്പാറ എന്നീ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ 100 ശതമാനം വിജയവുമുണ്ടായി. ജില്ലയില്‍ 15 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. 25 സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലായാണ് പഠിതാക്കള്‍ പഠനം നടത്തിയത്.