കുട്ടികള്‍ ഒളിച്ചോടിയ സംഭവം: സ്ഥാപന മേധാവികള്‍ക്ക് ഗുരുതര വീഴ്ച

Posted on: November 24, 2014 10:23 am | Last updated: November 24, 2014 at 10:23 am

കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന സാന്‍സാവിയോ ബാലഭവനത്തില്‍ നിന്നും കഴിഞ്ഞദിവസം നാലു കുട്ടികള്‍ ഒളിച്ചോടിയ സംഭവവുമായി ബന്ധപ്പെട്ട് സി ഡബ്യു എസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, സ്ഥാപനാധികൃതരുടെ ഭാഗത്തും നിന്നും കുറ്റകരമായ ചില വീഴ്ചകള്‍ ഉണ്ടായിട്ടുളളതായി കണ്ടെത്തി. ആണ്‍കുട്ടികള്‍ക്കു മാത്രമായിട്ടുളള സ്ഥാപനത്തില്‍ ഒരു മാസത്തിലേറെക്കാലം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ താമസിപ്പിച്ചത് നിയമദൃഷ്ട്യാ ന്യായീകരിക്കാനാവില്ല.പതിനാലു വയസ്സിനുതാഴെയുളള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായിരിക്കേ പെണ്‍കുട്ടികള്‍ക്ക് അത് നിഷേധിക്കപ്പെട്ടത് ഗൗരവതരമായ വീഴ്ചയായി സി ഡബ്യു എസ് നിരീക്ഷിച്ചു.
സി ഡബ്യു എസിന്റെ സംരക്ഷണയില്‍, കുട്ടികളെ ഇപ്പോള്‍ കോഴിക്കോട്ടുളള രണ്ട് ഗവ. ചില്‍ഡ്രന്‍സ് ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പ്രാഥമിക കൗണ്‍സിലിംഗിന് ശേഷം ചെയര്‍മാന്‍ രേഖപ്പെടുത്തിയ കുട്ടികളുടെ മൊഴിയില്‍, സാന്‍സാവിയോ ഹോമിലായിരുന്നപ്പോള്‍ വിവിധ തരത്തിലുളള പീഢനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടതായി കുട്ടികള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം അടിയന്തിരമായി നടത്തി യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മാനന്തവാടി പോലീസിന് ഉത്തരവ് നല്‍കി. ഇക്കാര്യത്തില്‍ പോലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുളള വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.സ്‌നേഹാശ്രമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അതിലെ അംഗങ്ങളുടെയും പശ്ചാത്തലവും, സ്ഥാപന നടത്തിപ്പിനുളള സാമ്പത്തിക ശ്രോതസ്സും അന്വേഷണ വിധേയമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കല്‍പ്പറ്റയില്‍ ഇന്നലെ നടന്ന സ്‌പെഷ്യല്‍ സിറ്റിംഗിലാണ് തീരുമാനം. ചെയര്‍മാന്‍ അഡ്വ. ഫാ.തോമസ് ജോസഫ് തേരകം, അംഗങ്ങളായ ടി ബി സുരേഷ്, ഡോ.ബെറ്റി ജോസ്, അഡ്വ.ബാലസുബ്രമണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.